‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’; അർധരാത്രി മുഖ്യമന്ത്രി തുണയായി, അവർ 14 പേരും സുരക്ഷിതർ



കോഴിക്കോട്‌ > സമയം അർധരാത്രി ഒന്നിനോടടുത്തിരുന്നു. വയനാട്‌–- കർണാടക  അതിർത്തിയിലെ കാടിന്റെ കൂരിരുട്ട്‌  ഹൈദരാബാദിൽനിന്നുള്ള സംഘത്തെ ഭീതിയിലാഴ്‌ത്തി.   വാഹനം തോൽപ്പെട്ടി  ചെക്ക്‌ പോസ്‌റ്റ്‌ വരെയേ ഉള്ളൂ. കോഴിക്കോട്ട്‌  എത്തേണ്ടതാണ്‌. ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസിയിൽ ബിസിനസ്‌ എക്‌സിക്യൂട്ടീവും പുതിയറ സ്വദേശിനിയുമായ ആതിര ഗൂഗിളിൽനിന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ  നമ്പറെടുത്ത്‌ വിളിച്ചു. മറുതലക്കൽനിന്ന്‌ മുഖ്യമന്ത്രിയുടെ ശബ്‌ദം. വഴിയിൽ ഒറ്റപ്പെട്ട്‌ പോകുമോ എന്ന പേടിയിൽ ആതിരയുടെ ശബ്‌ദം ഇടറിയിരുന്നു. ‘പേടിക്കണ്ടാ മോളേ, പരിഹാരമുണ്ടാക്കാം’ എന്ന്‌ മറുപടി.  ആതിരക്കൊപ്പം  ജോലിചെയ്യുന്ന തീർഥ, അഞ്ജലി കൃഷ്‌ണ തുടങ്ങി 13 സ്‌ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം ബുധനാഴ്‌ച രാവിലെ ഒമ്പതോടെ വീട്ടിലെത്തുംവരെ അവർക്കൊപ്പമുണ്ടായിരുന്നു ആ കരുതൽ. കോവിഡ്‌ പശ്ചാത്തലത്തിൽ നിയന്ത്രണം  കടുപ്പിച്ചതിനാലാണ്‌ സംഘം നാട്ടിലേക്ക്‌ വരാനൊരുങ്ങിയത്‌. ഡിവൈഎഫ്‌ഐ കോഴിക്കോട്‌ ജില്ലാ കമ്മിറ്റി അംഗം എം എം സുഭീഷ്‌ യാത്രാ അനുമതിക്കായി ഡെപ്യൂട്ടി കലക്‌ടർ  സി ബിജുവിനെ ബന്ധപ്പെട്ടു. അദ്ദേഹം  തെലങ്കാന സർക്കാരിൽനിന്ന്‌ റോഡ്‌ യാത്രക്ക്‌ അനുമതിവാങ്ങി. ട്രാവലറിൽ ചൊവ്വാഴ്‌ച രാവിലെ എട്ടോടെ  യാത്രതുടങ്ങി.  ബാഗപ്പള്ളി എത്തിയപ്പോൾ തിരിച്ചുപോകണമെന്ന്‌ നിർദേശം. വീണ്ടും ഡെപ്യൂട്ടി കലക്‌ടർ ഫോൺവഴി ഇടപെട്ടു. അരമണിക്കൂർ ചർച്ചക്ക്‌  ശേഷം  മറ്റൊരു റോഡ്‌ വഴി യാത്രക്ക്‌ അനുമതി.  ബംഗളൂരുവിനടുത്തെത്തിയപ്പോഴാണ്‌  രാജ്യം മുഴുവൻ ലോക്ക്‌ ഡൗണായുള്ള പ്രഖ്യാപനം. തിരിച്ചുള്ള യാത്ര ബുദ്ധിമുട്ടാവുമെന്നതിനാൽ കേരള അതിർത്തി വരെയേ ഉണ്ടാകൂ എന്ന്‌ ഡ്രൈവർ അറിയിച്ചു.  മറ്റൊരു വാഹനത്തിന്‌ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ്‌  മുഖ്യമന്ത്രിയെ വിളിച്ചത്‌. അദ്ദേഹം വയനാട്‌ എസ്‌പിയുടെയും കലക്ടറുടെയും നമ്പർ ആതിരക്ക്‌  കൊടുത്തു. മുഖ്യമന്ത്രി പറഞ്ഞത്‌ പ്രകാരം വിളിക്കുകയാണെന്ന്‌ അറിയിക്കാനും പറഞ്ഞു.  എസ്‌പിയെ വിളിച്ച്‌ അരമണിക്കൂറിനുള്ളിൽ ട്രാവലർ എത്തി. ഓരോരുത്തരെയും വീടുകളിലെത്തിച്ചു.  വീട്ടിലെത്തിയശേഷവും ആതിര വിളിച്ചു. ഫോണെടുത്ത മുഖ്യമന്ത്രി വീട്ടിൽ 14  ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന ജാഗ്രതാ  നിർദേശവും നൽകി.  തിരക്കിനിടയിലെ കരുതലിനും  പെരുവഴിയിൽ അകപ്പെടാതെ രക്ഷിച്ചതിനും മുഖ്യമന്ത്രിക്ക്‌ നന്ദിപറയുകയാണ്‌ സംഘമിപ്പോൾ. Read on deshabhimani.com

Related News