സംസ്ഥാനത്ത്‌ ഇ-വാഹനങ്ങളുടെ ഉപയോഗം 455 ശതമാനം വർധിച്ചു: മുഖ്യമന്ത്രി



തിരുവനന്തപുരം> ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാൻ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഫലമായി സംസ്ഥാനത്തെ ഇ– വാഹനങ്ങളുടെ എണ്ണം 2021ൽ നിന്നും 2022 ആയപ്പോഴേക്കും 455 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇ- മൊബിലിറ്റി, പാരമ്പര്യേതര ഊർജ്ജ മാർഗങ്ങൾ എന്നിവയെക്കുറിച്ച അന്തർദേശീയ കോൺഫറൻസും എക്സ്പോയുമായ ഇവോൾവിന്റെ രണ്ടാം എഡിഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മുഖ്യമന്ത്രി. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും യാഥാർഥ്യമാണെന്നിരിക്കെ ഫോസിൽ ഇന്ധനങ്ങളിൽനിന്ന് വാഹനങ്ങൾ  പാരമ്പര്യേതര ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട്.  ഇതിനായി വിവിധ നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. 1.64 കോടി വാഹന പെരുപ്പമുള്ള സംസ്ഥാനത്ത് 1.48 ശതമാനം വാഹനങ്ങൾ മാത്രമാണ് പാരമ്പര്യേതര ഊർജ്ജം ഉപയോഗിച്ച് ഓടുന്നത്. 2018 ൽ തന്നെ ഇ– വാഹന നയം പ്രഖ്യാപിച്ച് ഇക്കാര്യത്തിൽ മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് കേരളം. ഇലക്ട്രിക് ഓട്ടോകൾ വാങ്ങാൻ 30,000 രൂപ സബ്സിഡി നൽകുന്നതിന് പുറമേ ഡീസൽ ഓട്ടോകൾ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ- വാഹനം ആക്കി മാറ്റാൻ 15,000 രൂപ വേറെയും സബ്സിഡി അനുവദിക്കുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ  ഇലക്ട്രിക് തൂണുകളിൽ  ചാർജർ സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെഎസ്ഇബി.  ഇത്തരത്തിൽ 1500 ഓളം ചാർജിങ് സ്റ്റേഷനുകൾ സംസ്ഥാനത്തുടനീളം യാഥാർഥ്യമാകും. 70 ഇലക്ട്രിക് കാർ മോട്ടോർ വെഹിക്കിൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.  മുഴുവനായിട്ടും സൗരോർജം കൊണ്ട് പ്രവർത്തിക്കുന്ന ലോകത്തിലെ  ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. വാഹനങ്ങളുടെ വലിയ വിലയും ഒറ്റ തവണ ചാർജിൽ സാധ്യമാകുന്ന കുറഞ്ഞ സഞ്ചാര ദൂരവും ആളുകളെ ഇ- വാഹനങ്ങൾ തെരഞ്ഞെടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ട്– മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഹയാത്ത്‌ റസിഡൻസിയിൽ വിവിധ വിഷയങ്ങളിൽ സമ്മേളനങ്ങളും പൊലീസ്‌ ട്രെയിനിങ്‌ ഗ്രൗണ്ടിൽ ഇ വാഹനങ്ങളുടെ എക്‌സ്‌പോയുമാണ്‌ നടക്കുന്നത്‌. 22 ന്‌ സമാപിക്കും.   Read on deshabhimani.com

Related News