വികസനത്തിന്റെപേരിൽ ആരും വഴിയാധാരമാകില്ല: 
മുഖ്യമന്ത്രി



തിരുവനന്തപുരം > വികസനത്തിന്റെ പേരിൽ ആരെയും വഴിയാധാരമാക്കുന്ന നയമല്ല സർക്കാരിന്റേതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമിച്ച 20,808 ലൈഫ്‌ വീടിന്റെ താക്കോൽ ദാനത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത്‌ നിർവഹിക്കുകയായിരുന്നു അദ്ദേഹം.   ദേശീയപാതയ്ക്കായി കാസർകോടുമുതൽ തിരുവനന്തപുരംവരെ സ്ഥലമേറ്റെടുത്തിട്ടുണ്ട്‌. ഭൂമി വിട്ടുനൽകിയവരാരും വഴിയാധാരമായിട്ടില്ല. അവരെല്ലാം ഇന്ന്‌ സന്തുഷ്‌ടരാണ്‌. അത്ര വലിയ തുകയാണ്‌ നഷ്‌ടപരിഹാരമായി നൽകിയത്‌. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിലൂടെ നഷ്‌ടമല്ല ഉണ്ടാകുന്നതെന്ന്‌ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.   സംസ്ഥാനത്ത്‌ മറ്റിടങ്ങളിലെ വീടുകളുടെ താക്കോൽദാനം അതത്‌  ജനപ്രതിനിധികൾ നിർവഹിച്ചു. രണ്ടാം നൂറുദിന കർമ പരിപാടിയിൽ 20,000 വീട്‌ പൂർത്തീകരിക്കാനാണ്‌ ലക്ഷ്യമിട്ടിരുന്നത്‌. നിശ്‌ചിത സമയത്തിനകം 808 വീട്‌ അധികമായി നിർമിച്ചു. ആദ്യ നൂറുദിന കർമപരിപാടിയിൽ 12,000 കുടുംബത്തിന്‌ താക്കോൽ കൈമാറിയിരുന്നു. നിലവിൽ 34,374 വീട്‌ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്‌. 27 ഭവന സമുച്ചയങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു. Read on deshabhimani.com

Related News