ഇടത് സ്ഥാനാര്‍ഥിയുടെ സ്വീകാര്യത തകര്‍ക്കാന്‍ കള്ളക്കഥകള്‍ മെനയുന്നു; യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണം: മുഖ്യമന്ത്രി



തൃക്കാക്കര> തൃക്കാക്കരയില്‍ യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സ്ഥാനാര്‍ഥിയുടെ സ്വീകാര്യത തകര്‍ക്കാന്‍ കള്ളക്കഥകള്‍ മെനയുന്നുവെന്നും ജനവിധി എതിരാകുമെന്ന് അറിഞ്ഞതോടെ യു ഡി എഫ് അങ്കലാപ്പിലായെന്നും തൃക്കാക്കരയില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍  മുഖ്യമന്ത്രി വ്യക്തമാക്കി.   വര്‍ഗീയ വിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ഒരാളെ സംരക്ഷിക്കുന്നതിലൂടെ ക്രിസ്ത്യാനികളെ സംരക്ഷിക്കുകയാണെന്നാണ് ബിജെപി പറയുന്നത്.  കേരളം മതനിരപേക്ഷത ഏറ്റവും ശക്തമായി പുലരുന്ന ഒരു നാടാണ്. അത് തകര്‍ക്കുന്ന, വര്‍ഗീയതയ്ക്ക് വളം വച്ചുകൊടുക്കുന്ന നിലപാടാണ് ഈ മാന്യന്റെ ഭാഗത്തുനിന്നുണ്ടായത്. രാജ്യത്ത് ക്രിസ്ത്യാനികളെ വ്യാപകമായി വേട്ടയാടുന്നത് സംഘപരിവാറാണ്. സംഘപരിവാര്‍ ഭീഷണിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയാന്‍ ജനത്തിന് കഴിയും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് സ്വീകാര്യത വര്‍ധിക്കുമ്പോള്‍ അത് തകര്‍ക്കാന്‍ ഏത് തരത്തില്‍ കള്ളക്കഥകള്‍ മെനയാമെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ ആലോചിക്കുന്നു.   രാജ്യത്ത് ആര്‍എസ്എസും സംഘപരിവാറും വേട്ടയാടിയ മതന്യൂനപക്ഷങ്ങളില്‍ ഒന്ന് ക്രിസ്ത്യാനിയായിരുന്നു. മുസ്ലീമും ക്രിസ്ത്യാനിയുമാണ് ഏറ്റവുമധികം വേട്ടയാടപ്പെട്ടത്. ആ വേട്ടയാടല്‍ ഇപ്പോഴും തുടരുന്നു എന്നാണ് നമുക്ക് കാണാനാകുക. ആ വേട്ടയാടലില്‍ ലോകം തന്നെ വിറങ്ങലിച്ച് പോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി   Read on deshabhimani.com

Related News