ആർഎസ്‌എസ്‌ ലക്ഷ്യം കേരളത്തിൽ നടക്കില്ല; കോൺഗ്രസ്‌ വർഗീയതയുമായി സമരസപ്പെട്ടു: മുഖ്യമന്ത്രി



ആലപ്പുഴ > മുസ്ലിങ്ങളെ അഞ്ചുനേരം നിസ്‌കരിക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ്‌ പ്രകടനം നടത്തിയ ആർഎസ്‌എസ്‌ ലക്ഷ്യം കേരളത്തിൽ നടക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴയിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരത്തിൽ പഠനകേന്ദ്രം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ ലക്ഷ്യം ഇപ്പോൾ നടപ്പാക്കാനാകില്ലെന്ന്‌ ആർഎസ്‌എസിന്‌ അറിയാം. എന്നാൽ ഇത്തരമൊരു ചിന്ത ജനങ്ങളിലേക്കു കടത്തിവിടാനുള്ള അവരുടെ ശ്രമം നാം തിരിച്ചറിയണം. വസ്‌ത്രം, ഓരോ വിഭാഗത്തിന്റെയും ഭക്ഷണരീതികൾ എന്നിവയ്‌ക്കെതിരെ കടന്നാക്രമണം നടത്താൻ അവർ ശ്രമിക്കുന്നു. എന്നാൽ ഇടതുപക്ഷം ശക്തമായതുകൊണ്ട്‌ മതനിരപേക്ഷതയ്‌ക്കു പോറലേൽപ്പിക്കാനായില്ല. ഹലാൽ ഭക്ഷണരീതി പണ്ടേയുണ്ട്‌. പാർലമെന്റിലെ  ഭക്ഷണത്തിൽ ഹലാൽ മുദ്രയുണ്ടെന്നാണ്‌ അറിയുന്നത്‌. ശബരിമലയിൽ ശർക്കരയുടെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അത്‌ ശിവസേനക്കാരന്റേതാണെന്ന്‌ വ്യക്തമായി. ഉൽപ്പന്നം ഭക്ഷ്യയോഗ്യമാണെന്ന്‌ സാക്ഷ്യപ്പെടുത്തി ഹലാൽ  മുദ്രചാർത്തുന്നത്‌ വിവിധ രാജ്യങ്ങളിൽ വിപണനം നടത്താനാണ്‌.  ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്ന സന്ദേശവുമായി ശ്രീനാരായണഗുരു നവോത്ഥാനപ്രസ്ഥാനം നയിച്ച നാടാണ്‌ കേരളം. അതിന്റെ തുടർച്ചയായി ഇടതുപക്ഷവും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവും നവോത്ഥാന മുദ്രാവാക്യം ഏറ്റെടുത്തു. വിവിധമേഖലകളിൽ ഉയർന്ന വർഗസമരത്തിലൂടെ സമൂഹത്തിൽ മാറ്റമുണ്ടായി. ആ മാറ്റമാണ്‌  സമൂഹത്തിൽ ഇടതുപക്ഷബോധത്തെ നിലനിർത്തിയത്‌. അതാണ്‌ കേരളത്തെ വ്യത്യസ്‌തമാക്കുന്നത്‌. ഇന്ത്യയും പാകിസ്ഥാനുമായുള്ള കായികമത്സരവും വർഗീയപ്രചാരണത്തിന്‌ ഉപയോഗിക്കുകയാണ്‌. ഇടതുപക്ഷം ശക്തമല്ലാത്ത സ്ഥലങ്ങളിൽ ബിജെപിക്ക്‌ വളരാൻ കഴിഞ്ഞു. അതിന്‌ കോൺഗ്രസിനെയാണ്‌ വിളനിലമായി കണ്ടത്‌. അധികാരത്തിനായി കോൺഗ്രസ്‌ വർഗീയതയുമായി  സമരസപ്പെട്ടു –- പിണറായി പറഞ്ഞു.   സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News