സെപ്റ്റംബര്‍ പേവിഷ പ്രതിരോധ മാസം; നായ്ക്കളെ കൊന്ന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല: മുഖ്യമന്ത്രി



തിരുവനന്തപുരം> സംസ്ഥാനത്ത് സെപ്റ്റംബര്‍ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബര്‍ 20 മുതല്‍ തെരുവ് നായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കാനായി തീവ്ര യജ്ഞം ആരംഭിക്കും.ജനങ്ങളാകെ ഒരുമിച്ചുനിന്ന് നേരിടേണ്ട വിഷയമാണ് തെരുവ് നായ ശല്യം. തെരുവ് നായ്ക്കളെ കൊന്ന് പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല.  അത്തരം കൃത്യം ചെയ്യുന്നത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ശാസ്ത്രീയമായ പ്രശ്‌ന പരിഹാരമാണ് ഇതിനായി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കള്‍ കൂട്ടം കൂടുന്നതിന് കാരണമായിട്ടുണ്ടെന്നും ഇത് കര്‍ശനമായി തടയുമെന്നും ഇതിനായി പ്രത്യേക യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, പേ വിഷബാധയേറ്റ് ഈ വര്‍ഷം 21 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 15 പേരും വാക്‌സിന്‍ എടുക്കാത്തവരാണ്. മരണപ്പെട്ട 21 പേരുടെയും മരണകാരണം കണ്ടെത്താന്‍ പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേവിഷ പ്രതിരോധ വാക്‌സിന്‍ ഉപയോഗത്തില്‍ 57 % വര്‍ധനവാണ് ഉണ്ടായിരുന്നതെന്നും പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നത് കേന്ദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News