നിലവിൽ ആശ്വാസം നല്‍കുന്ന സാഹചര്യം; സ്‌കൂളുകൾ തുറക്കുന്നത്‌ ഗൗരവമായി ആലോചനയിൽ: മുഖ്യമന്ത്രി



തിരുവനന്തപുരം > രണ്ടാം തരംഗത്തിന്‍റെ കാലത്ത് നിരവധി പുതിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ആശ്വാസം നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയുള്ള കാലയളവില്‍, ശരാശരി സജീവ കേസുകള്‍ 2,42,278 ആണ്. അതില്‍ 13 ശതമാനം മാത്രം രോഗികളാണ് ആശുപത്രി, ഡിസിസി, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി എന്നിവിടങ്ങളില്‍ ചികിത്സയിലുള്ളത്. ആകെ രോഗികളില്‍ 2 ശതമാനം പേര്‍ക്ക് മാത്രമേ ഈ കാലയളവില്‍ ഓക്സിജന്‍ കിടക്കകള്‍ വേണ്ടിവന്നിട്ടുള്ളൂ.  ആകെ രോഗികളില്‍ ഒരു ശതമാനം മാത്രമേ ഐ.സി.യുവിലുള്ളൂ. ഈ കാലയളവില്‍ 1,87,561 പുതിയ കേസുകളാണ് ഉണ്ടായത്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 21,000 കേസുകളും കുറഞ്ഞിട്ടുണ്ട്.  ടിപിആറിന്‍റെയും പുതുതായി ഉണ്ടായ കേസുകളുടെയും വളര്‍ച്ചാ നിരക്ക് യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറഞ്ഞിട്ടുണ്ട്. ഐസിഎംആറിന്‍റെ ആദ്യ സെറൊ പ്രിവലന്‍സ് പഠനം കണ്ടെത്തിയത്  പ്രകാരം ഒന്നാം തരംഗ കാലത്ത് രോഗബാധിതരായവരുടെ എണ്ണം കേരളത്തില്‍ വളരെ കുറവായിരുന്നു എന്നാണ്.  സംസ്ഥാനത്ത് ഏകദേശം 11 ശതമാനം പേര്‍ക്ക് മാത്രമായിരുന്നു രോഗബാധയുണ്ടായത്. അതിന്‍റെ ഇരട്ടിയായിരുന്നു ദേശീയ ശരാശരി. രോഗം വരാത്തവരുടെ എണ്ണം വളരെ കൂടുതലായതുകൊണ്ട്  ഡെല്‍റ്റാ വകഭേദം   ആഞ്ഞടിച്ച രണ്ടാം ഘട്ടത്തില്‍ ഏറ്റവും പെട്ടെന്ന് രോഗം പടര്‍ന്നു പിടിച്ച് വലിയ നാശം വിതയ്ക്കാന്‍ ഏറ്റവും സാധ്യതയുള്ള ഇടം നമ്മുടെ സംസ്ഥാനമായിരുന്നു. ഉയര്‍ന്ന ജനസാന്ദ്രതയും നഗരഗ്രാമ അന്തരമില്ലായ്‌മയും വയോജനങ്ങളുടെയും ജീവിത ശൈലീരോഗമുള്ളവരുടെയും  ഉയര്‍ന്ന അനുപാതവുമെല്ലാം ഇവിടെ  മരണ നിരക്ക് വലിയ തോതില്‍ ഉയര്‍ത്തേണ്ടതായിരുന്നു. അത് സംഭവിക്കാതെ  രണ്ടാം തരംഗത്തേയും മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ നമുക്ക് സാധിച്ചു. രോഗബാധയേല്‍ക്കാത്തവരുടെ ശതമാനവും ജനസാന്ദ്രതയും കൂടുതലായതുകൊണ്ട് തന്നെ രണ്ടാം തരംഗത്തില്‍   രോഗികളുടെ എണ്ണം വലിയ തോതില്‍ കൂടി. പക്ഷേ, ആ വര്‍ദ്ധനവ് ഒരിക്കലും പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണങ്ങളെ മറി കടന്നു മുന്നോട്ടു പോയില്ല. രോഗബാധിതരാകുന്ന എല്ലാവര്‍ക്കും ആവശ്യമായ സംരക്ഷണവും ചികിത്സയും ഒരുക്കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തി  നമുക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ രോഗവ്യാപനത്തെ നിയന്ത്രിച്ചു. രണ്ടാം തരംഗത്തില്‍ പലയിടങ്ങളിലുമുണ്ടായ ദുരന്ത സമാനമായ സാഹചര്യം ഇവിടെ ഉണ്ടാകാതെ പോയത് അതുകൊണ്ടാണ്. രോഗബാധിതരുടെ വര്‍ദ്ധനവിന് ആനുപാതികമായി ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണം വര്‍ദ്ധിച്ചില്ല. അതുകൊണ്ട് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ആരോഗ്യസംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ നിലനിര്‍ത്തപ്പെട്ടു. അതിനൊരു മുഖ്യ കാരണം മികച്ച രീതിയില്‍ വാക്‌സിനേഷന്‍ നടത്താന്‍ സാധിച്ചതാണ്. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ലഭിച്ച ഡോസുകള്‍ ഒട്ടും നഷ്‌ടപ്പെട്ടു പോകാതെ വിതരണം ചെയ്യാന്‍ സാധിക്കുന്നു.  സൂക്ഷ്മമായി കൈകാര്യം ചെയ്തുകൊണ്ട് ലഭിച്ച ഡോസുകളേക്കാള്‍ കൂടുതല്‍ ഡോസുകള്‍ നല്‍കാനും നമുക്ക് കഴിയുന്നുണ്ട്. മരണമടഞ്ഞവരുടെ എണ്ണത്തില്‍ സ്വാഭാവികമായ വര്‍ദ്ധനവുണ്ടായെങ്കിലും, രോഗികളുടെ എണ്ണത്തില്‍ ഇത്ര വലിയ വര്‍ദ്ധനവുണ്ടായിട്ടും മരണ നിരക്കുയരാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. മരണമടഞ്ഞവരില്‍ തന്നെ 95 ശതമാനത്തിലധികവും വാക്സിനേഷന്‍ ലഭിക്കാത്തവരായിരുന്നു.   സെപ്റ്റംബര്‍ 30നകം 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. 18 വയസ്സിനു മുകളിലുള്ള  78.03 ശതമാനം പേര്‍ക്ക് (2,23,94,059) ഒരു ഡോസ് വാക്സിനും 30.16 ശതമാനം പേര്‍ക്ക് (86,55,858) രണ്ട് ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.   ഡെല്‍റ്റാ വൈറസിനു വാക്‌സിന്‍ ഉയര്‍ത്തുന്ന പ്രതിരോധം ഭേദിക്കാനുള്ള കഴിവ് ചെറിയ തോതിലുണ്ട്. പക്ഷേ, അതില്‍ ഭയപ്പെടേണ്ടതില്ല. കാരണം വാക്‌സിന്‍ എടുത്തവരില്‍ രോഗം ഗുരുതരമാകില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട ആവശ്യം പൊതുവേ ഉണ്ടാകാറില്ല. മരണസാധ്യത ഏറെക്കുറെ ഇല്ല എന്നു തന്നെ പറയാം. രണ്ടോ അതിലധികമോ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തതിന് ശേഷം മരണമടഞ്ഞിട്ടുള്ളത്. അവര്‍ക്കിടയില്‍ പോലും രോഗം ഗുരുതരമാക്കാതിരിക്കാന്‍ വാക്‌സിന്‍ സഹായകരമാണ്. അതിനാല്‍ വാക്സിന്‍ എത്രയും പെട്ടെന്ന് സ്വീകരിച്ച് രോഗപ്രതിരോധ ശേഷിയാര്‍ജ്ജിക്കാന്‍ എല്ലാവരും തയ്യാറാകണം. കോവിഡ് ബാധിച്ചവരില്‍ 20 ശതമാനം പേര്‍ക്കെങ്കിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു മുന്നില്‍ കണ്ട് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികളില്‍ വരെ കോവിഡാനന്തര രോഗങ്ങള്‍ ചികിത്സിക്കാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകള്‍ നടന്നു വരികയാണ്. ഇക്കാര്യത്തില്‍ അറിവും അനുഭവസമ്പത്തുമുള്ള വിദഗ്ധരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നമ്മുടെ വ്യവസായവ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകും. കോളേജുകള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുന്നതാണ്. കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ത്ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശാ പ്രവര്‍ത്തകരുമായോ ബന്ധപ്പെടേണ്ടതാണ്. കോളേജ് വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്‌സിന്‍ എടുക്കാത്ത വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നല്‍കും. അതടിസ്ഥാനമാക്കി അവിടെത്തന്നെ വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആരും വാക്‌സിനെടുക്കാതെ മാറി നില്‍ക്കരുത്. Read on deshabhimani.com

Related News