റിപ്പബ്ലിക്കിലെ സംസ്ഥാനങ്ങൾ കോളനി വാഴ്‌ചയിലെ പ്രവിശ്യകളല്ല; ആ ധാരണ മാറ്റുന്നതാണ്‌ ഉചിതം: മുഖ്യമന്ത്രി



തിരുവനന്തപുരം > ഇന്നും കോളനി വാഴ്‌ചയിലെ പ്രവിശ്യകള്‍ക്ക് തുല്യമാണ് നമ്മുടെ റിപ്പബ്ലിക്കിലെ സംസ്ഥാനങ്ങള്‍ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ആ ധാരണ മാറ്റുന്നതാണ് ഉചിതമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകളുടെ ഉപദേശാനുസരണം പ്രവര്‍ത്തിക്കുന്ന ജനാധിപത്യ വ്യവസ്ഥയിലെ ഗവര്‍ണ്ണര്‍ കൊളോണിയല്‍ വ്യവസ്ഥയിലെ ഗവര്‍ണ്ണര്‍മാരെപ്പോലെ ആകില്ല എന്ന ഉത്തമ വിശ്വാസമാണ് നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 1935ല്‍ ബ്രിട്ടീഷ് ഭരണം ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ ആക്‌ട് പാസ്സാക്കുകയുണ്ടായി. അതിലെ 163-ാം വകുപ്പ് പ്രകാരം അന്നത്തെ പ്രവിശ്യകള്‍ കടമെടുക്കാനുള്ള അനുമതി ചോദിച്ചാല്‍ കാലവിളംബം കൂടാതെ അനുമതി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, നമ്മുടെ ഭരണഘടനയിലെ 293-ാം അനുച്ഛേദത്തില്‍ കാലവിളംബം കൂടാതെ എന്ന വ്യവസ്ഥ ഇല്ല. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, ജനാധിപത്യവ്യവസ്ഥയില്‍ ഇങ്ങനെയൊരു വ്യവസ്ഥ ആവശ്യമില്ലല്ലോ എന്നാണ് ഉയര്‍ന്നുവന്ന അഭിപ്രായം. അതിനര്‍ത്ഥം, ജനാധിപത്യവ്യവസ്ഥയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൊളോണിയല്‍ വ്യവസ്ഥയിലെ പ്രവിശ്യകളുടെ സ്ഥാനമല്ല എന്നതാണ്. ഇവിടെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ചില പ്രത്യേക ബില്ലുകളില്‍ ഒപ്പിടില്ല എന്ന് പ്രഖ്യാപിക്കുന്നത് ഭരണഘടനയ്ക്ക് അനുസൃതമാണോ? ഭരണപരമായ ഔചിത്യത്തിന് നിരക്കുന്നതാണോ? അനന്തമായി, അനിശ്ചിതമായി ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഭരണഘടന അനുവദിക്കുന്നു എന്നു പറഞ്ഞാല്‍, അത് ഭരണഘടനാശില്‍പ്പികളുടെ വീക്ഷണത്തിന് അനുസൃതമല്ല എന്നു പറയേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News