സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി ഇടപെടും : മുഖ്യമന്ത്രി



തിരുവനന്തപുരം കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ഇനിയും ശക്തമായി ഇടപെടുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ, ഊർജം, പ്രതിരോധം തുടങ്ങി സുപ്രധാന മേഖലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്നത്‌ കേന്ദ്രം തുടരുകയാണ്. തെറ്റായ  നയങ്ങൾക്കെതിരെ രാജ്യമെമ്പാടുമുയരുന്ന പ്രതിഷേധം കേന്ദ്രം കണ്ടില്ലെന്ന് നടിക്കുന്നു. സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന നടപടികളിലുള്ള സംസ്ഥാനത്തിന്റെ ഉൽക്കണ്ഠ പലതവണ അറിയിച്ചിട്ടുണ്ട്. കൊച്ചിൻ റിഫൈനറി ഉൾപ്പെടുന്ന ബിപിസിഎൽ കമ്പനിയും വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്.  കൊച്ചിൻ റിഫൈനറി സ്വകാര്യവൽക്കരിച്ചാൽ  സംസ്ഥാനം കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആരംഭിക്കുന്ന പെട്രോ കെമിക്കൽ പാർക്കിന്റെ ഭാവിയെ ബാധിക്കും. സ്വകാര്യവൽക്കരണ നീക്കത്തിൽനിന്ന് പിന്മാറാനാവശ്യപ്പെട്ട് രണ്ടുതവണ  പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കത്തയച്ചിരുന്നു. ദേശീയ താൽപ്പര്യവും സംസ്ഥാനത്തിന്റെ പ്രത്യേക താൽപ്പര്യവും കണക്കിലെടുത്ത് കമ്പനിയെ പൊതുമേഖലയിൽ നിലനിർത്തണമെന്നും ഓഹരി വിറ്റഴിക്കുന്ന നടപടികളിൽനിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട്  നിയമസഭ ഐകകണ്‌ഠ്യേന പ്രമേയവും പാസ്സാക്കി കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ട്. അടച്ചുപൂട്ടുന്നവ ഏറ്റെടുത്ത് പൊതുമേഖലയിൽ നിലനിർത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്‌. കോട്ടയത്തെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ്‌ ഓഹരി വിറ്റഴിക്കാനുള്ള നടപടിയാരംഭിച്ചപ്പോൾതന്നെ സംസ്ഥാന സർക്കാർ ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. സംസ്ഥാനം സ്വമേധയാ കമ്പനിയുടെ ആസ്തി ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടും അംഗീകരിച്ചില്ല. നിയമവഴിയിലൂടെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന്റെ ഏറ്റെടുക്കൽ നടപടി സാധ്യമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ഏറ്റെടുക്കാനുള്ള കരട് ധാരണപത്രം കേന്ദ്ര അംഗീകാരത്തിന്‌ നൽകിയിട്ടും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.  വിൽപ്പനയ്‌ക്കുവച്ച കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായ കാസർകോട്ടെ ഭെല്ലിന്റെ 51 ശതമാനം ഓഹരികളും സംസ്ഥാനം വാങ്ങാൻ തീരുമാനിച്ചു. ഇതിനായുള്ള കരട് കരാറിന് കേന്ദ്രത്തിന്റെ അന്തിമ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. അതിനിടെ സംസ്ഥാനം 6.8 കോടി രൂപ പ്രവർത്തന മൂലധനമായി ഭെല്ലിന്‌ നൽകിയിട്ടുമുണ്ട്. പാലക്കാട്ടെ ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് സ്വകാര്യവൽക്കരിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സൈനിക വാഹനങ്ങൾ, മെട്രോ കോച്ചുകൾ തുടങ്ങിയവയുടെ നിർമാണം നടത്തുന്ന ഈ കമ്പനിയെ രാജ്യ സുരക്ഷ കണക്കിലെടുത്ത് പൊതുമേഖലയിൽ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി  പ്രധാനമന്ത്രിക്ക് വീണ്ടും കത്ത് അയച്ചിട്ടുണ്ടെന്നും എസ്‌ ശർമയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രിസഭയിൽ അറിയിച്ചു. തെറ്റ്‌ ചെയ്താൽ കർശന നടപടി: മുഖ്യമന്ത്രി ആര്‌ തെറ്റ് ചെയ്താലും രാഷ്ട്രീയം നോക്കാതെ കർശന നടപടി എടുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  പഞ്ചായത്ത്‌  തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവയ്‌ക്കാൻ ചിലർ ഒറ്റപ്പെട്ട  സംഭവങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നുണ്ട്‌.   പുല്ലൂർപെരിയ പഞ്ചായത്തിലെ  പോളിങ്‌ ബൂത്തായ അമ്പലത്തറ ഗവൺമെന്റ്‌ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് എട്ടാം വാർഡിലെ സ്ഥാനാർഥിയായിരുന്ന കൃഷ്ണകുമാറിനെ മർദിച്ചതിൽ അമ്പലത്തറ പൊലീസ്  കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നു. പ്രതികളായ രതീഷ്, മജീദ് എന്നിവരെ അറസ്റ്റ്‌ ചെയ്തു. ബൂത്ത് ഏജന്റിനെ മർദിച്ചതായുള്ള ആരോപണത്തിന് പൊലീസിൽ പരാതി ലഭിക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല. വോട്ടെണ്ണൽ ദിവസം ഹോസ്ദുർഗ്‌ കല്ലൂരാവിയിൽ ജസീലയുടെ വീട് ആക്രമിച്ചതിന് ആറ്‌ ലീഗ്‌ പ്രവർത്തകർക്കെതിരെ  കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചുവരുന്നു. ജസീലയുടെ ഭർത്താവിന്റെ സഹോദരൻ ഇടതു  സ്ഥാനാർഥിക്കുവേണ്ടി പ്രവർത്തിച്ചതിലുള്ള വിരോധമാണ്‌  ആക്രമണകാരണം. ഹോസ്ദുർഗ്‌ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട റൗഫ് അബ്ദുൾ റഹ്മാനെ ലീഗ്‌ പ്രവർത്തകർ കൊലപ്പെടുത്തി.  ഈ കേസിലെ ഒന്നാം പ്രതി ഇർഷാദ് നിലവിൽ അഞ്ച്‌  കേസുകളിൽ പ്രതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോഡ് ജില്ലയിൽ  113 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ എൽഡിഎഫ് പ്രവർത്തകർ പരാതിക്കാരായി 38 കേസുകളും യുഡിഎഫ് പ്രവർത്തകർ പരാതിക്കാരായി 37 കേസുകളുമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കള്ളവോട്ട്‌ നടന്നില്ല: മുഖ്യമന്ത്രി തദ്ദേശ‌ തെരഞ്ഞെടുപ്പിൽ കാസർകോഡ് പള്ളിക്കര പഞ്ചായത്തിലെ ആലക്കോട് വാർഡിൽ കള്ളവോട്ട്‌ നടന്നുവെന്ന ആരോപണം ശരിയല്ലെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ്‌ കമീഷൻ പരിശീലനത്തിലും മാർഗനിർദേശങ്ങളിലും പ്രിസൈഡിങ്‌ ഓഫീസർ, ഒന്നാം പോളിങ്‌ ഓഫീസർ, രണ്ടാം പോളിങ്‌ ഓഫീസർ എന്നിവർക്ക് കൃത്യമായ ചുമതല നിശ്ചയിച്ചിട്ടുണ്ട്. ഈ ജോലി വിഭജനം എല്ലാവരും കൃത്യമായി പാലിച്ചാലേ വോട്ടെടുപ്പ് സുഗമമാകു. വോട്ട് ചെയ്യാൻ എത്തുന്നവരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച് തിരിച്ചറിയുന്ന ചുമതല ഒന്നാം പോളിങ്‌ ഓഫീസർക്കാണ്. ഇത് പ്രിസൈഡിങ്‌ ഓഫീസറുടെ ചുമതലയല്ല. പോളിങ്‌ സാമഗ്രി ഏറ്റുവാങ്ങുന്നതുൾപ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തം പ്രിസൈഡിങ്‌ ഓഫീസർക്കുണ്ട്. പ്രിസൈഡിങ്‌ ഓഫീസർ ക്യൂവിൽനിന്ന ആളുകളുടെ തിരിച്ചറിയൽ രേഖ പരിശോധിച്ചുവെന്നാണ് പരാതി. അവിടെ വോട്ട് ചെയ്യാനെത്തിയ എംഎൽഎ ഉൾപ്പെടെയുള്ളവർ കലക്ടറെ ഈ പരാതി അറിയിച്ചു. തുടർന്ന്  കലക്ടർ പ്രിസൈഡിങ്‌ ഓഫീസറെ ബന്ധപ്പെടുകയും പരിശീലനത്തിൽ നൽകിയ ചുമതല കൃത്യമായി നിർവഹിക്കാനും ആവശ്യപ്പെട്ടു. അതിനുശേഷം തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തി ഫലം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം പ്രിസൈഡിങ്‌ ഓഫീസർ ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തുകയും മാധ്യമങ്ങളിൽ ചർച്ചാവിഷയം ആവുകയും ചെയ്തു. പ്രിസൈഡിങ്‌ ഓഫീസർ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കത്തും നൽകി. സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കലക്ടറുടെ റിപ്പോർട്ട് തേടി. അതിനാൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News