മാധ്യമങ്ങൾ ആത്മപരിശോധന നടത്തണം: മുഖ്യമന്ത്രി



തൃശൂർ > മാധ്യമപ്രവർത്തനം ഏറ്റവും അപകടകരമായ രാജ്യമായി ഇന്ത്യ മാറിയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമ സ്വാതന്ത്ര്യത്തിന്‌ പേരുകേട്ട രാജ്യങ്ങളിൽ ഇന്ത്യയില്ല. ലോക പ്രസ്‌ ഫ്രീഡം ഇൻഡക്‌സിൽ 150 –-ാം സ്ഥാനത്താണ്‌. കഴിഞ്ഞവർഷം ലോകത്ത്‌ 24 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതിൽ കൂടുതൽപേർ ഇന്ത്യയിലാണ്‌. നിരവധിപേർ ജയിലിലടയ്‌ക്കപ്പെടുകയും നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നതിനെക്കുറിച്ച്‌ ചർച്ചപോലും ഉണ്ടാകുന്നില്ല. ഇതേക്കുറിച്ചെല്ലാം മാധ്യമങ്ങൾ സ്വയം വിലയിരുത്തണം. ദ സ്‌റ്റേറ്റ്‌ ഓഫ്‌ അഫയേഴ്‌സ്‌; ഫെഡറലിസം, ഫ്രീഡം, ആൻഡ്‌ ഫോർവേഡ്‌ എന്ന വിഷയത്തിൽ സ്വകാര്യ  ചാനൽ സംഘടിപ്പിച്ച കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമാധാനപരവും ഐശ്വര്യപൂർണവും പുരോഗമനപരവുമായ നാട്‌ കെട്ടിപ്പടുക്കാൻ മാധ്യമങ്ങൾ സഹകരിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കണം. സ്വാതന്ത്ര്യം സംരക്ഷിക്കുകയും ജനാധിപത്യം  പരിപോഷിപ്പിക്കുകയും മതനിരപേക്ഷതയും ഫെഡറലിസവും  ശക്തിപ്പെടുത്തുകയുമാണോ ചെയ്യുന്നതെന്ന്‌ മാധ്യമങ്ങൾ ആത്മ പരിശോധന നടത്തണം. ചോദ്യങ്ങൾ ചോദിക്കുന്നതിനുപകരം, മാധ്യമങ്ങൾ പ്രത്യേകതാൽപ്പര്യത്തിനു പിന്നാലെ പോകുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ദേശീയത വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും നാനാത്വത്തിൽ ഏകത്വത്തെ ഉയർത്തിപ്പിടിക്കുന്നതുമാണ്‌. മതങ്ങളുടെ ഈറ്റില്ലമായി ലോകം വിലയിരുത്തുന്ന രാജ്യമാണ്‌ ഇന്ത്യ. മിക്കവാറും എല്ലാ മതവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞ ചരിത്രമാണ്‌ ഇവിടെയുള്ളത്‌. നമ്മുടെ ഭരണഘടനയിൽ മതമുള്ളവർക്കും മതമില്ലാത്തവർക്കും പൗരത്വം അനുവദിച്ചതും, പൗരത്വത്തിന്‌ വ്യക്തിയുടെ വിശ്വാസം മാനദണ്ഡമാക്കാതിരുന്നതും വിശാല കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാൽ, ഇന്ന്‌ വൈവിധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ നിലപാടിലേക്ക്‌ രാജ്യം ചുരുങ്ങുന്നു. അത്‌ ഇന്ത്യയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാവും. ഫെഡറൽ തത്വങ്ങൾ  പാലിക്കാതെപോയാൽ ഓരോ പ്രദേശങ്ങളുടെ സുസ്ഥിര പുരോഗതിക്ക്‌ തടസ്സമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   Read on deshabhimani.com

Related News