മനോരമയുടേത്‌ ഞരമ്പുരോഗം: മുഖ്യമന്ത്രി



ന്യൂയോർക്ക്‌> ലോക കേരളസഭയുടെ അമേരിക്കൻ മേഖലാസമ്മേളനം വിവാദമാക്കിയ മനോരമയുടെ നടപടി പ്രത്യേക മാനസികാവസ്ഥയിലുള്ള കുശുമ്പുകൊണ്ടാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്‌ ഞരമ്പുരോഗത്തിന്റെ ഭാഗമാണെന്നും ഇത്ര അൽപ്പത്തം കാണിക്കാൻ പാടില്ലായിരുന്നുവെന്നും ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു. പരിപാടി സ്‌പോൺസർഷിപ്പാണെന്നാണ്‌ ഒരു ആരോപണം. കേരളത്തിൽ നടക്കുന്ന ലോക കേരളസഭയുടെ ചെലവ്‌ സർക്കാരാണ്‌ വഹിക്കുന്നത്‌. എന്നാൽ, മേഖലാ സമ്മേളനം ആരംഭിച്ചതു മുതൽ ചെലവുവഹിക്കുന്നത്‌ അതത്‌ മേഖലകളാണ്‌. ദുബായിൽ നടന്നപ്പോഴും ലണ്ടനിൽ നടന്നപ്പോഴും അങ്ങനെയായിരുന്നു. ആ സാഹചര്യത്തിൽ ഇത്‌ വിവാദമാക്കേണ്ട കാര്യമില്ല. സ്‌പോൺസർഷിപ്പിൽ ആദ്യമായല്ല പരിപാടി നടത്തുന്നത്‌. ഈ പറയുന്നവർ പരിപാടികൾ നടത്തുന്നത്‌ എങ്ങനെയാണ്‌. റബറിന്റെ പൈസയാണോ അതിനു ചെലവഴിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇവിടെ എത്തിയപ്പോൾ പലരും തനിക്കും ചുറ്റും വന്നു. അവർ ലക്ഷങ്ങൾ കൊടുത്തിട്ടാണോ അങ്ങനെ നിന്നത്‌. എന്നാൽ, കേരളത്തിൽ പ്രചരിപ്പിച്ചത്‌ നട്ടാൽ കുരുക്കാത്ത നുണകളാണ്‌. ഇത്‌ തന്നെ ഇകഴ്‌ത്തലല്ല, നമ്മുടെ നാടിനെയും നാടിന്റെ സംസ്കാരത്തെയും ഇകഴ്‌ത്തലാണ്‌.  ഏതൊരു നല്ല കാര്യത്തെയും എങ്ങനെ കെട്ടതാക്കി ചിത്രീകരിക്കാമെന്ന പ്രത്യേക മാനസികാവസ്ഥ ചിലർക്കുണ്ട്‌. മേഖലാ സമ്മേളനത്തെ കുറിച്ച്‌ നല്ല സംരംഭം എന്നാണ്‌ സാധാരണ എല്ലാവരും പറയുന്നത്‌. എന്നാൽ, വലിയ പ്രചാരമുണ്ടെന്ന്‌ പറയുന്ന മാധ്യമം വിവാദമാക്കാനാണ്‌ ശ്രമിച്ചത്‌. അതിനായി മുഖപ്രസംഗംവരെ എഴുതി. വസ്‌തുതയുമായി പുലബന്ധമില്ലാത്ത കാര്യങ്ങളാണ്‌ ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News