'വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കണം; നിങ്ങളുടെ മനസ്സിലുള്ളത് സര്‍ക്കാരിന്റെ തലയില്‍ വച്ചുകെട്ടുന്ന ഏര്‍പ്പാട് നേരത്തേ പൊളിഞ്ഞതാണ്' : മുഖ്യമന്ത്രി



തിരുവനന്തപുരം> വസ്തുതകള്‍ വസ്തുതകളായി അവതരിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ മനസ്സിലുള്ളത് എന്റെയോ സര്‍ക്കാരിന്റെയോ തലയില്‍ വച്ചുകെട്ടുന്ന ഏര്‍പ്പാട് നേരത്തേ പൊളിഞ്ഞുപോയതാണ്. ഇപ്പോള്‍ വീണ്ടും ചെയ്യാന്‍ മോഹമുണ്ടെങ്കില്‍ ഞാന്‍ എതിരല്ല. പക്ഷേ അത് നല്ല കാര്യമല്ലെന്ന് മനസ്സിലാക്കി ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി  മുഖ്യമന്ത്രി പറഞ്ഞു.  വടകരയിലുള്ള ഏതോ ബിനാമി വിജിലന്‍സിന് പരാതി കൊടുത്തതായി ചിലര്‍ പറയാന്‍ ശ്രമിച്ചു. മറവിലുള്ളയാള്‍ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടയാളാണെന്ന് പ്രചാരണം. ഇത്തരത്തില്‍ എന്തെങ്കിലും പരാതി വടകരയില്‍നിന്ന് ഉണ്ടായിരുന്നോ എന്ന് വിജിലന്‍സിനോട് ചോദിച്ചു. അങ്ങനെയില്ല എന്നാണ് അവര്‍ പറഞ്ഞത്. പിന്നീട് ഒരു റിപ്പോര്‍ട്ട് തന്നു. വടകര ചോറോട് സ്വദേശിയായ സത്യന്‍ കെഎസ്എഫ്ഇ വടകര ബ്രാഞ്ചില്‍ നിന്ന് 2018 മാര്‍ച്ച് മൂന്നിന് 6.58 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അതിന് ഈട് നല്‍കിയ വസ്തു ഉപയോഗിച്ച് അയാളുടെ അനുവാദമില്ലാതെ വടകരയിലെ കെഎസ്എഫ്ഇ മാനേജരുടെ ഒത്താശയോടെ സത്യന്റെ വ്യാജ ഒപ്പിട്ട് ബിസിനസ് പങ്കാളിയും കൊല്ലം സ്വദേശിയുമായ വീണ എന്നയാള്‍ക്ക് വടകര ബ്രാഞ്ച് മാനേജര്‍ 2018 മെയ് 15ന് 9.25 ലക്ഷം രൂപ ലോണ്‍ നല്‍കി. അതേപ്പറ്റി അന്വേഷിക്കാന്‍ സത്യന്‍ 2020 ഫെബ്രുവരി 18ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കി. അതിന്മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് അയച്ചുകൊടുക്കാന്‍ ഫെബ്രുവരി 25ന് സര്‍ക്കാരിന് അയച്ചു. സര്‍ക്കാര്‍ ഇത് നികുതി വകുപ്പിന് കൈമാറിയതായി കാണിച്ച് ജൂണ്‍ 23ന് തയ്യാറാക്കിയ കത്ത് വിജിലന്‍സ് ആസ്ഥാനത്ത് അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഇതിനകത്ത് ബിനാമിയൊന്നുമില്ലെന്ന് വ്യക്തമാണല്ലോ. ഇതാണ് യാഥാര്‍ഥ്യമെന്നിരിക്കെ പച്ചക്കള്ളം പടച്ചുവിടുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.   Read on deshabhimani.com

Related News