കെഎസ്എഫ്ഇയില്‍ നടന്നത് പരിശോധന മാത്രം: മുഖ്യമന്ത്രി



തിരുവനന്തപുരം>  കെഎസ്എഫ്ഇയില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയത് വെറും പരിശോധനയാണെന്നും അത് റെയ്ഡല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരിശോധനകള്‍ സാധാരണ നടക്കാറുണ്ടെന്നും  അദ്ദേഹം  വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധന നടത്തിയത് അവര്‍ക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിന് അവര്‍ക്ക് അവകാശമുണ്ട്. മിന്നല്‍ പരിശോധനയുടെ ഭാഗമായി വിജിലന്‍സിന്  ഒരുനടപടിയും സ്വീകരിക്കാനാകില്ല. സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് ചെയ്യുക. സര്‍ക്കാരാണ് അതില്‍ നടപടി സ്വീകരിക്കുക. വിജിലന്‍സ് ഡയറക്ടറാണ് മിന്നല്‍ പരിശോധനയ്ക്ക് ഉത്തരവിടുന്നത്. അതിന് ഡയറക്ടര്‍ക്ക് ആരുടെയും അനുമതി വേണ്ട. വിവിധ വകുപ്പുകളില്‍ നേരത്തെയും മിന്നല്‍ പരിശോധന നടന്നിട്ടുണ്ട്.കെഎസ്എഫ്ഇയുടെ കാര്യത്തില്‍  ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ചില പോരായ്മകള്‍ അവരുടെ സാമ്പത്തിക നിലയെ ബാധിക്കുമെന്ന ശങ്കയുണ്ടായി. തുടര്‍ന്ന് ഒക്ടോബര്‍ 19ന് വിജിലന്‍സ് മലപ്പുറം ഡിവൈഎസ്പി കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് പരിശോധിച്ച കോഴിക്കോട് എസ്പി സംസ്ഥാന വ്യാപകമായി മിന്നല്‍ പരിശോധന നടത്താവുന്നതാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം ഈ സോഴ്സ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ്  നവംബര്‍ 10ന് മിന്നല്‍ പരിശോധനയ്ക്ക് ഡയറക്ടര്‍ ഉത്തരവിട്ടത്. ചില തയ്യാറെടുപ്പുകള്‍ നടത്തി 27ന് പരിശോധന നടത്തി-മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News