അഞ്ചുവര്‍ഷത്തിനകം 20 ലക്ഷംപേർക്ക്‌ തൊഴിൽ ; വീടിനടുത്ത്‌ മൈക്രോ തൊഴിലിടങ്ങൾ : മുഖ്യമന്ത്രി

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച നോളജ്‌ ഇക്കണോമിക്‌ വിഷൻ ശിൽപ്പശാല 
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെെനിൽ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ വിജ്ഞാന സമ്പത്ത്‌  പ്രയോജനപ്പെടുത്തി വീടിനടുത്ത്‌ മൈക്രോ തൊഴിലിടങ്ങൾ  ഒരുക്കുമെന്ന്‌   മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   നോളജ് ഇക്കോണമി മിഷൻ വഴി  അഞ്ചുവര്‍ഷത്തിനകം 20 ലക്ഷംപേർക്ക്‌ തൊഴിൽ നൽകുകയാണ്‌ ലക്ഷ്യം.  ആദ്യഘട്ടത്തിൽ പതിനായിരംപേർക്ക്‌ തൊഴിൽ നൽകും.  ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച നോളജ്‌ ഇക്കണോമിക്‌ വിഷൻ   സംസ്ഥാന ശിൽപ്പശാല ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു   അദ്ദേഹം. കോവിഡ് കാലത്ത് അനുവർത്തിച്ച  ‘വര്‍ക്ക് ഫ്രം ഹോം' രീതി പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന്‌ ജോലി ചെയ്യാൻ അവസരം ഒരുക്കും. വീടിനടുത്ത്‌ മൈക്രോ വര്‍ക്ക് സ്പെയ്സുകളൊരുക്കും. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ജോലികൾ ഇവിടെയിരുന്ന്‌ ചെയ്യാം. പഞ്ചായത്ത്‌, ബ്ലോക്ക്  തലങ്ങളിൽ തൊഴിലിടങ്ങളൊരുക്കും. കെ ഡിസ്‌കിന്‌ കീഴിൽ  ഡിജിറ്റൽ വർക്ക്‌ ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌റ്റം  എന്ന പോർട്ടലിൽ  അഭ്യസ്‌തവിദ്യരായ തൊഴിൽ രഹിതരും മറ്റു രാജ്യങ്ങളിലേതുൾപ്പെടെ തൊഴിൽ ദാതാക്കളും രജിസ്‌റ്റർ ചെയ്യും.   യോഗ്യതക്കനുസരിച്ച്‌  തൊഴിലുകൾ ലഭിക്കും. വിവിധ കാരണങ്ങളാൽ  തൊഴിൽ നിർത്തിയ സ്‌ത്രീകളുൾപ്പെടെയുള്ളവർക്ക്‌  വീട്ടിലിരുന്നും  തൊഴിൽ ചെയ്യാനാവും. പുതിയ മേഖലകളിൽ വൈദഗ്‌ധ്യ പരിശീലനങ്ങൾ നൽകും. ഭാഷാവിജ്ഞാനവും വിപുലമാക്കും.  കെ ഫോൺ വരുന്നതോടെ  ഇത്‌  കൂടുതൽ സഹായകമാവും. കേരളത്തിൽ  അന്താരാഷ്‌ട്ര മികവിന്റെ 30 കേന്ദ്രങ്ങൾ  സ്ഥാപിക്കും.    നൂതന ആശയങ്ങളും  ഗവേഷണങ്ങളും  വികസിപ്പിക്കാൻ 500 പേർക്ക്‌ പോസ്‌റ്റ്‌ ഡോക്ടറൽ ഫെല്ലോഷിപ്‌ നൽകും.  സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള ബാങ്ക്, കെഎസ്ഐഡിസി, കെ എഫ് സി,  കെ എസ് എഫ്  ഇ എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി 250 കോടി രൂപയുടെ വെഞ്ചര്‍ ക്യാപിറ്റല്‍ ഫണ്ട് രൂപീകരിക്കും. കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ സമൂലമായ മാറ്റം വരുത്തും.  സർവകലാശാലകളിലും സ്ഥാപനങ്ങളിലും മികച്ച സൗകര്യങ്ങളും ഫാക്കൽറ്റികളും ഏർപ്പെടുത്തും.  ലാബ്‌, ലൈബ്രറി എന്നിവ ഏതു സമയത്തും വിദ്യാർഥികൾക്ക്‌ ഉപയോഗിക്കാനാവണം. വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച്‌  തൊഴിലധിഷ്‌ഠിത നൂതന കോഴ്‌സുകൾ ആരംഭിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്തെ എന്‍റോള്‍മെന്റ് റേഷ്യോ  നിലവിലിത് 40 ശതമാനത്തിന് താഴെയാണ്. ഇത് 75 ശതമാനമാക്കണം.  അഞ്ച് ലക്ഷം വിദ്യാര്‍ഥികളെ അധികമായി ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിക്കാനാവണം–-   മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ്‌ എസ്‌  സതീഷ്‌ അധ്യക്ഷനായി.     Read on deshabhimani.com

Related News