സര്‍ക്കാര്‍ ഫയലുകളിലെ തീരുമാനം വൈകരുത്‌; അവ നീതിപൂർവ്വമാകണം: മുഖ്യമന്ത്രി



തിരുവനന്തപുരം> ജനങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വ്വവും സുതാര്യവും വേഗത്തിലും ആക്കേണ്ടതുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതി ഉണ്ടാവരുതെന്നും ജീവനക്കാരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന ദൗത്യമാണ് സര്‍ക്കാര്‍ ജീവനക്കാർക്കുള്ളത്‌. . ഭരണ നിര്‍വ്വഹണം ജനോപകാരപ്രദവും ജനങ്ങളോട് സൗഹൃദം പുലര്‍ത്തുന്നതുമാക്കാന്‍ കാര്യക്ഷമവും അഴിമതിരഹിതവുമായ ഒരു സിവില്‍ സര്‍വ്വീസ്ആവശ്യമാണ്‌. ഈ ഘട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ജൂൺ 15 മുതൽ സെപ്റ്റംബര്‍ 30 വരെ തീവ്രയജ്ഞ പരിപാടിയായാണ് ഇത് നടപ്പിലാക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് സംഘടനകളുടെയും സഹകരണം ആവശ്യമാണ്‌. നിലവില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ ഫയലുകളില്‍ ഭൂരിഭാഗവും ഇ -ഓഫീസ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ, ജീവനക്കാരുടെ സഹകരണമുണ്ടായാല്‍ ഇത് നടപ്പാക്കാനാവും.  ഓരോ ഓഫീസിലും നിലവിലുള്ള പെന്റിംഗ് ഫയലുകളുടെ എണ്ണം ആദ്യം തയ്യാറാക്കണം.  ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം.  ഇത് എല്ലാ ഓഫീസുകളും കൃത്യമായി പാലിക്കണം. ഹൈക്കോടതിയിലും മറ്റു കോടതികളിലും ഉണ്ടാകുന്ന കേസുകളിലെ വിധിന്യായങ്ങള്‍ സമയപരിധിക്കകത്ത് നടപ്പാക്കാത്ത സ്ഥിതി ചിലപ്പോള്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കേണ്ട വീഴ്ചയായാണ് .   കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫീസിലും പ്രത്യേക സംവിധാനമൊരുക്കണം. ആസൂത്രണ പ്രക്രിയയും ഭരണ നിര്‍വ്വഹണവും ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അധികാരവികേന്ദ്രീകരണം നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ നേട്ടങ്ങള്‍ നാം കാണുന്നുമുണ്ട്. സിവില്‍ സര്‍വ്വീസിന് പുതിയ ഊര്‍ജ്ജം പകരുവാനായി കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെഎഎസ്) രൂപീകരിക്കുകയും അതിലേക്ക് ആദ്യ ബാച്ചിന്റെ നിയമനം പൂര്‍ത്തിയാവുകയും ചെയ്തിട്ടുണ്ട്. പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്ന നിലയില്‍ ജീവനക്കാർക്ക്‌ ഭാരിച്ച ഉത്തരവാദിത്വമാണ് സമൂഹത്തോടുള്ളത്. ഈ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം വിജയകരമാക്കുന്നതിന് നിങ്ങള്‍ ഓരോരുത്തരുടെയും വ്യക്തിപരമായ സഹകരണവും സംഘടന എന്ന നിലയിലുള്ള കൂട്ടായ സഹകരണവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.    Read on deshabhimani.com

Related News