'ഒരു രാത്രിയിൽ എന്തൊക്കെയോ തോന്നുന്നു, അത് വിളിച്ചു പറയുന്നു'; കെ സുരേന്ദ്രന്റെ പ്രതികരണങ്ങൾ മനോനില തെറ്റിയ അവസ്ഥയിൽ: മുഖ്യമന്ത്രി



തിരുവനന്തപുരം > ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷനെ ചേർത്തുള്ള തട്ടിപ്പിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു പാർട്ടിയുടെ അധ്യക്ഷൻ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങൾ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ? എന്തെങ്കിലും വിളിച്ചുപറയുമ്പോൾ അതിന് അടിസ്ഥാനം വേണം. എന്തും വിളിച്ചു പറയാമെന്ന തരത്തിലേക്ക് കെ സുരേന്ദ്രൻ മാറിയെന്നും വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത്രയും മാനസിക നില തെറ്റിയ ഒരാളെ പാർട്ടിയുടെ അധ്യക്ഷനായി നിർത്തുന്നല്ലോ എന്ന കാര്യം അവർ ആലോചിക്കേണ്ട കാര്യമാണ്. ഒരു ദിവസം രാത്രിയിൽ എന്തൊക്കെയോ തോന്നുന്നു. വിളിച്ചു പറയുന്നു. ഇത് ഒരു പ്രത്യേക മാനസിക അവസ്ഥയാണ്. സുരേന്ദ്രന്റെ ആരോപണത്തിൽ പത്ര സമ്മേളനത്തിലൂടെ കൂടുതൽ പറയാൻ തയ്യാറാവുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അത് ഇങ്ങനെയല്ല പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയൻ. അപവാദങ്ങൾ വിളിച്ചു പറയുമ്പോൾ അപവാദങ്ങൾ ആണെന്ന് തിരിച്ചറിയാൻ സമൂഹത്തിന് കഴിയണം. അഴിമതി തീണ്ടാത്ത എൽഡിഎഫ് സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഓരോരുത്തരുടെ നിലവെച്ച് മറ്റുള്ളവരെ അളക്കരുത്. എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ പരാതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News