കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ കേസെടുത്തു: മുഖ്യമന്ത്രി



തിരുവനന്തപുരം > കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മേയറെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെതുടര്‍ന്ന് മേയര്‍ക്ക് വഴിയൊരുക്കി കടത്തിവിടാന്‍ ശ്രമിച്ച പൊലീസുകാരെ തടയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുത്തുന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.  പി വി ശ്രീനിജന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും  കേസ്  ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രഹ്‌മപുരം വിഷയത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരമാണ്  കൊച്ചി കോര്‍പ്പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗം 13.03.2023 ന് ചേര്‍ന്നത്. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിസരത്ത് മുന്‍ ദിവസങ്ങളിലുണ്ടായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മേയറെ പ്രതിഷേധക്കാര്‍ തടഞ്ഞതിനെതുടര്‍ന്ന് പോലീസ് മേയര്‍ക്ക് വഴിയൊരുക്കി കടത്തിവിടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തുകയും സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 4 പോലീസുകാരെ ആക്രമിക്കുകയുമാണുണ്ടായത്. ഈ സംഭവത്തിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഐ.പി.സി 143, 147, 149, 332, 353 എന്നീ വകുപ്പുകള്‍ പ്രകാരം ക്രൈം നം. 867/2023 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News