6450 പേർകൂടി സാമൂഹ്യപ്രതിരോധ സേനയിൽ



തിരുവനന്തപുരം> സംസ്ഥാനത്ത് 6450 പേർകൂടി  സാമൂഹ്യപ്രതിരോധ സേനയുടെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ അഗ്നിശമനസേനാ  ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യപ്രതിരോധ സേന പൂർണ സജ്ജമാകുന്നതോടെ അപകടരക്ഷാ പ്രതിരോധ പ്രവർത്തനങ്ങൾ പതിൻമടങ്ങ് കരുത്താർജിക്കും. 30 ശതമാനം വനിതകളെ സേനയിൽ  ഉൾപ്പെടുത്തിയത്‌ ശ്രദ്ധേയമാണ്‌. പുതിയ കാലഘട്ടത്തിലെ വെല്ലുവിളി നേരിടാൻ  സേനയെ ആധുനികവൽക്കരിക്കൽ പ്രധാനമാണ്. ഇതിനാവശ്യമായ നടപടി സ്വീകരിക്കും. അഗ്നിശമനസേനയുടെ കാര്യക്ഷമത വർധിപ്പിക്കും.  പ്രളയത്തിലും മറ്റു പ്രകൃതിദുരന്തങ്ങളിലും  മഹാമാരിയുടെ കാലത്തും  സേന സ്തുത്യർഹമായ സേവനം കാഴ്ചവച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയർ ആൻഡ്‌ റസ്‌ക്യു ഓഫീസർ, ഫയർ ആൻഡ്‌ റസ്‌ക്യു ഓഫീസർ (ഡ്രൈവർ) തസ്‌തികകളിലായി 49 പേരാണ് പുതുതായി അഗ്നിശമനസേനയുടെ ഭാഗമായത്. 1200 സാമൂഹ്യപ്രതിരോധ സേന വളന്റിയർമാരുടെ പാസിങ് ഔട്ട്‌ പരേഡും നടന്നു. അഗ്‌നിശമന സേനയുടെ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി  ഫ്‌ളാഗ് ഓഫ് ചെയ്തു. അഗ്‌നിശമന സേന ഡയറക്ടർ ജനറൽ ബി സന്ധ്യ, ഡയറക്ടർ (ടെക്‌നിക്കൽ) എം നൗഷാദ്‌, ഡയറക്ടർ (ഭരണം) അരുൺ അൽഫോൻസ്‌, അക്കാദമി ഡയറക്ടർ അബ്‌ദുൽ റഷീദ്‌ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News