സ്വകാര്യനിക്ഷേപം കൊണ്ടുമാത്രമല്ല, പൊതുമേഖലയെ ശാക്തീകരിച്ചും വികസനം സാധ്യമാക്കണം: മുഖ്യമന്ത്രി



കൊച്ചി > സ്വകാര്യനിക്ഷേപം ആകര്‍ഷിച്ചുകൊണ്ടുമാത്രമല്ല വ്യവസായ അഭിരുചിയുണ്ടാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയെ ശാക്തീകരിച്ചും പരമ്പരാഗത മേഖലകളെ നവീകരിച്ചും കൂടിയാണ് അത് സാധ്യമാക്കേണ്ടത്. കഴിഞ്ഞ നാലരവര്‍ഷങ്ങളായി കേരളത്തില്‍ വ്യവസായ വളര്‍ച്ചയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ബിപിസിഎല്‍ പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ എതിര്‍പ്പ് അവഗണിച്ച് ബിപിസിഎല്‍ വില്‍പനയ്ക്കുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍  മുന്നോട്ടുപോകുന്നതിനിടെയാണ് മുഖ്യമന്ത്രി കേരളത്തിന്റെ നയം വ്യക്തമാക്കിയത്. കേന്ദ്ര പദ്ധതികളുമായി സഹകരിക്കാന്‍ കേരളം എല്ലായിപ്പോഴും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സമ്പദ്ഘടനയുടെ ചാലകശക്തിയായ ടൂറിസം മേഖലയില്‍ ഇടം പിടിച്ച സ്ഥലമാണ് കൊച്ചി. അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ ഇതിന് പ്രയോജനകരമാണ്. കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന എല്ലാ പദ്ധതികളും കേരളവും കേന്ദ്രവും തമ്മില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചതിന്റെ മികച്ച ഉദാഹരണമാണ്. ജനജീവിതം മെച്ചപ്പെടുത്താന്‍ സഹകരണ ഫെഡറലിസം എങ്ങനെ സഹായിക്കുമെന്നു വ്യക്തമാക്കുന്നതാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News