കോവിഡ്‌ ചട്ടലംഘനമില്ല ; മുഖ്യമന്ത്രിക്കെതിരായ കള്ളപ്രചാരണം ആസൂത്രിതം



തിരുവനന്തപുരം കോവിഡ്‌ ചട്ടം ലംഘിച്ചെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച്‌ കേന്ദ്രമന്ത്രിയും ഏതാനും മാധ്യമങ്ങളും മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തുന്നത്‌ ക്രൂരമായ വേട്ടയാടൽ.  ശാസ്‌ത്രീയ ചികിത്സാ രീതികളെക്കുറിച്ച്‌ സാമാന്യ ധാരണയുള്ളവർക്ക്‌  ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കാനാവില്ലെന്ന്‌ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഐസിഎംആർ കോവിഡ്‌ ചട്ടങ്ങൾ പ്രകാരം ആരോപണങ്ങൾ നിലനിൽക്കുന്നതുമല്ല. രോഗലക്ഷണമില്ലാത്തവർക്ക്‌ പോസിറ്റീവായിരിക്കെതന്നെ ആശുപത്രിയിൽനിന്ന്‌ വീടുകളിലേക്ക്‌ മടങ്ങാമെന്ന്‌ ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്‌. നെഗറ്റീവ്‌ ആയതിനെ തുടർന്നാണ്‌  മുഖ്യമന്ത്രി വീട്ടിലേക്ക്‌ മടങ്ങിയത്‌. ഏപ്രിൽ ആറിനാണ്‌ മുഖ്യമന്ത്രിയുടെ മകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. പിപികിറ്റ്‌ ധരിച്ച്‌ വോട്ട്‌ ചെയ്തു. മകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനു ശേഷം മുഖ്യമന്ത്രി പുറത്തിറങ്ങിയിട്ടില്ല. അടുത്ത്‌ പെരുമാറുന്നവർക്ക്‌  കോവിഡ്‌ സ്ഥിരീകരിച്ചാൽ അഞ്ചുദിവസം കഴിഞ്ഞ്‌ മറ്റുള്ളവർ പരിശോധിച്ചാൽ മതി. എന്നാൽ, മുഖ്യമന്ത്രി എട്ടിന്‌ തന്നെ പരിശോധിച്ചു, സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറി.   ആവശ്യമായ എല്ലാ  പരിശോധനകളും നടത്തി. രോഗലക്ഷണങ്ങൾ ഒന്നുമുണ്ടായില്ല. വീണ്ടും പരിശോധന നടത്തിയപ്പോൾ നെഗറ്റീവായി. മെഡിക്കൽ ബോർഡിന്റെ വിശദ പരിശോധനയ്‌ക്കും കൂടിയാലോചനകൾക്കും ശേഷമാണ്‌ വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ തീരുമാനിച്ചത്. വീട്ടിലേക്കുള്ള യാത്രയിൽ മുഖ്യമന്ത്രി ഭാര്യയോടൊപ്പം  ഒരേ സീറ്റിലിരുന്ന്‌ യാത്ര ചെയ്തത്‌ പ്രോട്ടോകോൾ ലംഘനമായി വ്യാഖ്യാനിക്കുന്നതിനു പിന്നിലും എങ്ങനേയും വിവാദമുണ്ടാക്കുകയെന്ന ചിലരുടെ ഗൂഢലക്ഷ്യം മാത്രം.  മുഖ്യമന്ത്രി  നേരത്തെ വാക്‌സിൻ എടുത്തിട്ടുള്ളയാളാണ്‌.  പിന്നീട്‌  പോസിറ്റീവ്‌ ആയി. അങ്ങനെയുള്ള ഒരാളോടൊപ്പം പോസിറ്റീവായ മറ്റൊരാൾ യാത്ര ചെയ്യുന്നത്‌ വലിയ സംഭവമാക്കുന്നത്‌ എത്രമാത്രം അർഥശൂന്യമാണെന്നും ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. രാഷ്‌ട്രീയ വൈരത്തിന്റെ പേരിൽ രോഗിയെന്ന പരിഗണന പോലും കൊടുക്കാതെയാണ്‌  മുഖ്യമന്ത്രിക്കെതിരെ കഴമ്പില്ലാത്ത ആരോപണങ്ങൾ പടച്ചു വിടുന്നത്‌. കോവിഡ്‌ ചട്ടങ്ങൾ സ്വയം പാലിക്കുന്നതിലും ഏതെങ്കിലും വിധത്തിലുള്ള അനാസ്ഥ കാണിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്ന്‌ പൊതുജനാരോഗ്യ വിദഗ്ധൻ ഡോ. ബി ഇക്ബാൽ പറഞ്ഞു. രോഗിയായ അവസ്ഥയിൽ പോലും കഴമ്പില്ലാത്ത കാര്യങ്ങൾപറഞ്ഞ്‌ ആക്രമിക്കുന്നത്‌ മര്യാദയുമല്ല.–അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News