നാടിന്റെ ഒരുമയിലൂടെ പ്രതിസന്ധിയെ അതിജീവിക്കും: മുഖ്യമന്ത്രി



തിരുവനന്തപുരം> കോവിഡിനുശേഷമുള്ള ഏതു പ്രതിസന്ധിയും നാടിന്റെ ഒരുമയിലൂടെ അതിജീവിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ നൂതന വഴികൾ തേടുന്നതിൽ കേരളം മുന്നിലാണ്. പ്രശ്‌നങ്ങളെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാക്കി മാറ്റാനാണ്‌ ശ്രമിക്കുന്നതെന്നും ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച AskTheCM പരിപാടിയുടെ ആദ്യ എഡിഷനിൽ മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിമാർ ട്വിറ്ററിൽ ലൈവായി മറുപടി പറയുന്ന പരിപാടിയുടെ ആദ്യ എഡിഷൻ രോഗപ്രതിരോധത്തിൽ ലോകശ്രദ്ധ നേടിയ കേരളത്തിൽനിന്നായത്‌ ശ്രദ്ധേയമായി. കേരളത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വന്നു. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന കേസുകളി‍ൽ ഭൂരിഭാഗവും പുറത്തുനിന്ന്‌ വരുന്നതാണ്. അവർക്കുകൂടി അവകാശപ്പെട്ട മണ്ണാണിത്.  പ്രവാസികൾക്ക് മാനസികമായ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗൺ ഇളവുകളിലേക്കു പോവുമ്പോൾ സ്വീകരിക്കുന്ന മുൻകരുതൽ, പ്രവാസികളുടെ തിരിച്ചുവരവ്, തൊഴിൽപ്രശ്‌നങ്ങൾ, മഴക്കാലവും കാലാവസ്ഥാ വ്യതിയാനവും, പരീക്ഷ നടത്തിപ്പിനുവേണ്ടി സ്വീകരിച്ച നടപടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ ‌മുഖ്യമന്ത്രി വിശദീകരിച്ചു. Read on deshabhimani.com

Related News