50 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണം; കേന്ദ്ര ആരോഗ്യമന്ത്രിയ്ക്ക് മുഖ്യമന്ത്രി കത്തയച്ചു



തിരുവനന്തപുരം> കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന് കത്തയച്ചു. സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ദൈനംദിന വാക്‌സിനേഷന്റെ തോത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി 50 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തിന് അനുവദിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. രോഗം കൂടുന്ന സാഹചര്യത്തില്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ഇതിനായി 45ദിന കര്‍മ പദ്ധതി തയ്യാറാക്കി. അതിലൂടെ പ്രതിദിനം രണ്ട് ലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇത് വൈകാതെ മൂന്ന് ലക്ഷമാക്കണം. അതിന് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ഇതുവരെ 56.84 ലക്ഷം ഡോസ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചത്. നിലവില്‍ ബാക്കിയുള്ള വാക്‌സിന്‍ മൂന്ന് ദിവസം ഉപയോഗിക്കാന്‍ മാത്രമേ തികയൂ. സംസ്ഥാനത്ത് ഫലപ്രദമായി നടക്കുന്ന വാക്‌സിനേഷന്‍ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നതിന് മുടക്കമില്ലാതെ വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വാക്‌സിന്‍ ക്ഷാമം സൂചിപ്പിച്ച് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചിരുന്നു.   Read on deshabhimani.com

Related News