കേരളത്തിന്റെ പുരോഗമന പ്രയാണത്തിന് ഊര്‍ജംപകരുന്ന സിനിമകള്‍ക്കാണ് ഇത്തവണ പുരസ്‌കാരം: മുഖ്യമന്ത്രി



തിരുവനന്തപുരം > കേരളീയ സമൂഹത്തിന്റെ പുരോഗമനപരമായ പ്രയാണത്തിന്‌ ഊർജംപകരുന്ന സിനിമകൾക്കാണ്‌ ഇത്തവണ പുരസ്‌കാരം ലഭിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള സിനിമയുടെ ശോഭനമായ ഭാവിയെക്കുറിച്ച്‌ ശുഭസൂചനകളാണ്‌ അവാർഡുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. അമ്പത്തൊന്നാമത്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച ചിത്രത്തിനും രണ്ടാമത്തെ ചിത്രത്തിനുമുള്ള അംഗീകാരം നേടിയ സിനിമകൾ സ്‌ത്രീപക്ഷ നിലപാട്‌ ഉയർത്തിപ്പിടിക്കുന്നു. സ്‌ത്രീകളുടെ സ്വയംനിർണയാവകാശത്തിനുവേണ്ടി വാദിക്കുന്ന ചിത്രങ്ങളാണ് ഇവ. അടുക്കള സ്‌ത്രീവിരുദ്ധ ഇടമായി തുടരുന്നു എന്ന ആണധികാര വ്യവസ്ഥയെയാണ്‌ മികച്ച സിനിമ തുറന്നുകാട്ടുന്നത്‌. പ്രത്യക്ഷമായ ഗാർഹിക അതിക്രമങ്ങളോ സ്‌ത്രീപീഡനങ്ങളോ ഇല്ലാതെ  കുടുംബങ്ങൾക്കകത്ത്‌ നിശ്ശബ്ദമായി പ്രവർത്തിക്കുന്ന നിർദയ പുരുഷാധിപത്യത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നു. കുടുംബം എന്ന സാമൂഹ്യസ്ഥാപനത്തെ ജനാധിപത്യവൽക്കരിക്കേണ്ടതിന്റെ അനിവാര്യത ഊന്നിപ്പറയുന്നു. കുടുംബത്തിൽ സ്‌ത്രീ– പുരുഷ ബന്ധങ്ങളിലും പ്രാവർത്തികമാക്കേണ്ട വിശാല അർഥങ്ങളുള്ള ജീവിതാദർശമാണ്‌ ജനാധിപത്യമെന്ന സന്ദേശവും മുന്നോട്ടുവയ്‌ക്കുന്നു. സ്‌ത്രീപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന സിനിമകൾക്ക്‌ അംഗീകാരം നൽകിയതിലൂടെ ജൂറി അതിന്റെ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ചു. മലയാള സിനിമയെ കൃത്യമായി അടയാളപ്പെടുത്താൻ ജൂറിക്കായി. പ്രമേയത്തിലും ആവിഷ്‌കാരത്തിലും താരസങ്കൽപ്പത്തിലും അഴിച്ചുപണി നടത്തി കോവിഡ്‌കാലത്തും സൃഷ്ടിപരമായ പ്രവർത്തനങ്ങളിൽ വ്യാപൃതരായി മലയാള സിനിമയെ മുന്നോട്ടുനയിക്കുന്നവരെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. Read on deshabhimani.com

Related News