സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പരിപാടി വിജയം കൈവരിച്ചു: മുഖ്യമന്ത്രി



തിരുവനന്തപുരം> രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറുദിന പരിപാടികള്‍ വിജയം കൈവരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 12,067 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ഭൂരഹിതരായ 13,500 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ചുവര്‍ഷ കാലയളവില്‍ ഓരോ വര്‍ഷവും ഒരുലക്ഷം വീടുകള്‍ വീതം പൂര്‍ത്തിയാക്കി അഞ്ചുലക്ഷം വ്യക്തിഗത വീടുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഒമ്പത് പദ്ധതികളും ആരോഗ്യവകുപ്പ് പൂര്‍ണമായി നടപ്പാക്കി. 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമായത് ആരോഗ്യമേഖലയ്ക്ക് വലിയ നേട്ടമായി. ഒപ്പം 5 മെഡിക്കല്‍ കോളേജുകളില്‍ 14.09 കോടി രൂപയുടെ 15 പദ്ധതികളും യാഥാര്‍ത്ഥ്യമായി. ജൂലൈ മാസത്തില്‍ സബ് സെന്റര്‍ മുതലുള്ള 50 ആരോഗ്യ സ്ഥാപനങ്ങളുടെ 25 കോടി രൂപയുടെ പദ്ധതികളും പൂര്‍ത്തിയാക്കി. ഇതിനിടെ കൊവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്രത്തിന് എന്ത് നല്‍കാനാകും എന്നത് പരിശോധിക്കണം. നഷ്ടപരിഹാരം സംബന്ധിച്ച് പ്രധാന പങ്ക് വഹിക്കേണ്ടത് കേന്ദ്രം തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News