കേന്ദ്രം ഇന്ധന സെസ്‌ ഉപേക്ഷിക്കണം; ഇന്ധനത്തിന്‌ ജിഎസ്‌ടി അംഗീകരിക്കില്ല: ധനമന്ത്രി



തിരുവനന്തപുരം > പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ചുമത്തുന്ന സെസ്‌ ഉപേക്ഷിക്കണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇന്ധനത്തിന്‌ ജിഎസ്‌ടി ഏർപ്പെടുത്തിയാൽ വില കുറയുമെന്ന പ്രചാരണത്തിൽ കഴമ്പില്ല. ഒരു ലിറ്റർ പെട്രോളിനും ഡീസലിനും 25 മുതൽ 30 രൂപവരെയാണ്‌ കേന്ദ്ര സെസ്‌. ഇത് ഉപേക്ഷിച്ചാൽ ലിറ്ററിന്‌ ശരാശരി 70 രൂപയ്‌ക്ക്‌ പെട്രോളും ഡീസലും ലഭ്യമാകും. നികുതി നിയമത്തിന്‌ പുറത്താണ്‌ സെസ്‌ ചുമത്തുന്നത്‌. ഇത്‌ സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കുന്നില്ല. ഇത്‌‌ ഉപേക്ഷിക്കാതെ സംസ്ഥാനങ്ങൾ നികുതി ഉപേക്ഷിക്കണമെന്ന്‌‌ പറയുന്നത്‌ അംഗീകരിക്കില്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മന്ത്രി മറുപടി നൽകി.  ഇന്ധനത്തെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തുന്നതിൽ കേരളം മാത്രമല്ല, എല്ലാ സംസ്ഥാനവും വിയോജിക്കുന്നു. ജിഎസ്‌ടി നഷ്ടപരിഹാരം അടുത്ത ജൂലൈയിൽ നിലയ്‌ക്കും. ഇതിലൂടെ അടുത്തവർഷം സംസ്ഥാന വരുമാനത്തിൽ കുറഞ്ഞത്‌ 13,000 കോടി രൂപയുടെ കുറവുണ്ടാകും. നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന്‌ ആവശ്യത്തിൽ കണ്ണടയ്‌ക്കുകയാണ്‌ കേന്ദ്രം. സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കേന്ദ്രത്തിനു ലഭിക്കുന്ന നികുതിയിൽ സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കുന്ന ശതമാനം 41 ൽനിന്ന്‌ 39 ശതമാനമാക്കി. ഇതിൽനിന്ന്‌ 2.5 ശതമാനം ജനസംഖ്യാനുപാതികമായി കേരളത്തിനു ലഭിച്ചിരുന്നു. ഇപ്പോൾ ഇത്‌ 1.92 ശതമാനമായി കുറഞ്ഞു. ഇതുമൂലം ഏതാണ്ട്‌ 16,000 കോടി രൂപയുടെ വാർഷികവരുമാന നഷ്ടം കേരളത്തിനുണ്ട്‌. ജിഎസ്‌ടിയിലെ പരമാവധി നിരക്കായ 28 ശതമാനം ഇന്ധന നികുതി നിശ്ചയിച്ചാൽത്തന്നെ 14 ശതമാനം കേന്ദ്രത്തിനാകും ലഭിക്കുക. മുല്യവർധിത നികുതിയുടെ ശരാശരി 16 ശതമാനമായിരുന്നു. ജിഎസ്‌ടിയിൽ ഇത്‌ 11 ശതമാനമാണ്‌. ഇതിന്റെ പകുതി കേന്ദ്രത്തിനുപോകും. സംസ്ഥാനത്തിന്‌ കിട്ടുന്നത്‌ വെറും അഞ്ചര ശതമാനവും. ഇതിനാൽ ഇന്ധനത്തിന്‌ ജിഎസ്‌ടി നിർദേശം അംഗീകരിക്കില്ല. വെള്ളിയാഴ്‌ച ചേരുന്ന ജിഎസ്‌ടി കൗൺസിലിന്റെ അജൻഡയിൽ ഈ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News