പെട്രോകെമിക്കൽ പാർക്ക്: കിൻഫ്രയും ബിപിസിഎല്ലും ധാരണാപത്രം ഒപ്പിട്ടു



കൊച്ചി > പെട്രോകെമിക്കൽ പാർക്ക് പദ്ധതിയിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ബിപിസിഎല്ലും ഒപ്പുവച്ചു. മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎൽ മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ് ഡയറക്‌ട‌ർ സുഭികാഷ് ജെന എന്നിവരാണ് തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ടത്. 2024ൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്‌. അമ്പലമുകളിലെ 481 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുക. ബിപിസിഎല്ലിന് 171 ഏക്കർ ഭൂമി പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. 250 ഏക്കർ ഭൂമിയിൽ മറ്റ്‌ പെട്രോകെമിക്കൽ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിക്കും. ബിപിസിഎൽ നൽകുന്ന പെട്രോളിയം ഉൽപ്പന്നങ്ങളും അസംസ്‌കൃതവസ്‌തുക്കളും ഉപയോഗിച്ചാകും ഇവ പ്രവർത്തിക്കുക. പാർക്ക് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും പരസ്‌പരം സഹകരിക്കാനും കിൻഫ്രയും ബിപിസിഎല്ലും തീരുമാനിച്ചു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ, ഡയറക്‌ടർ എസ് ഹരികിഷോർ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സഞ്ജയ് ഖന്ന, എ എൻ ശ്രീറാം, കുര്യൻ ആലപ്പാട്ട്, ജോർജ് തോമസ്, എസ് ശ്രീനിവാസൻ, കണ്ണബീരാൻ എന്നിവർ ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ പങ്കെടുത്തു. Read on deshabhimani.com

Related News