പേഴ്‌സണൽ സ്റ്റാഫ് വിവാദം: പ്രചരണം വസ്‌തുത മറച്ചുവച്ച്- എ കെ ബാലൻ



തിരുവനന്തപുരം> മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണവുമായി ബന്ധപ്പെട്ട്‌ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്‌തുതകൾ മറച്ചുവച്ച്‌. മന്ത്രിമാരുടെ പേഴ്‌സണൽസ്റ്റാഫുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടാക്കുന്ന വിവാദം അനാവശ്യവും അർത്ഥമില്ലാത്തതുമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. സജി ചെറിയാൻ രാജി വച്ചതിനെ തുടർന്ന് ആ ഓഫീസിൽ ഉണ്ടായിരുന്ന 25 സ്റ്റാഫുകളെയാണ് സജി ചെറിയാൻ കൈകാര്യം ചെയ്‌തിരുന്ന വകുപ്പുകൾ വിഭജിച്ചുകൊടുത്ത മന്ത്രിമാരുടെ ഓഫീസുകളിൽ വിന്യസിച്ചത്. മറ്റൊരു മന്ത്രി വന്നു കഴിഞ്ഞാൽ ഇതെ സ്റ്റാഫുകൾ തന്നെയായിരിക്കും ആ കർത്തവ്യം നിർവഹിക്കുക. അതുകൊണ്ട് ഇതൊരു അധിക ചെലവല്ല. ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിറക്കിയ മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 30 എന്ന ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. ഒന്നാം പിണറായി സർക്കാറിന്റെ കാലഘട്ടത്തിലാണ് 30 സ്റ്റാഫുകളെന്നത് 25 സ്റ്റാഫുകളാക്കി ചുരുക്കിയത്. അതുവഴി 100 സ്റ്റാഫിനെയാണ് സർക്കാർ വേണ്ടാ എന്നു വച്ചത്. അതുവഴി 5 വർഷം ചുരുങ്ങിയത് 60 കോടിയിലധികം രൂപയാണ് സർക്കാർ ലാഭിച്ചത്. അത് ഇപ്പോഴും തുടരുകയാണ്. വസ്‌തുത ഇതായിരിക്കെ അധിക ധൂർത്ത് എന്ന രൂപത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നുപോലും അനാവശ്യമായ വിവാദങ്ങൾ ഉണ്ടാകുന്നത്. ഇത് വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്നും എ കെ ബാലൻ പ്രസ്‌താവനയിൽ പറഞ്ഞു.   Read on deshabhimani.com

Related News