വോട്ടുപെട്ടി കാണാതാകൽ ; 4 പേരോട്‌ കലക്ടർ വിശദീകരണം തേടി



മലപ്പുറം പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ മാറ്റിവച്ച പ്രത്യേക തപാൽ വോട്ടുകൾ ഉൾപ്പെടെയുള്ള രേഖകളടങ്ങിയ പെട്ടി  മലപ്പുറം ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസിൽ കണ്ടെത്തിയ സംഭവത്തിൽ  നാലു പേരിൽനിന്ന്‌ കലക്ടർ വിശദീകരണംതേടി. പെരിന്തൽമണ്ണ സബ്‌ ട്രഷറി ഓഫീസർ, ഒരു ജീവനക്കാരൻ, അന്നത്തെ മലപ്പുറം സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ, സീനിയർ ഇൻസ്‌പെക്ടർ എന്നിവർ ഒരാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം.  ചീഫ്‌ ഇലക്ടറൽ ഓഫീസർക്ക്‌ കഴിഞ്ഞദിവസംതന്നെ റിപ്പോർട്ട്‌ നൽകിയതായി കലക്ടർ വി ആർ പ്രേംകുമാർ പറഞ്ഞു. മലപ്പുറം സഹകരണ ജോ. രജിസ്‌ട്രാർ ഓഫീസിൽനിന്ന്‌ കണ്ടെത്തിയതുൾപ്പെടെയുള്ള പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ രേഖകൾ ചൊവ്വാഴ്‌ച രാവിലെ ഹൈക്കോടതിയിൽ എത്തിച്ചു. ഇവ ഹൈക്കോടതി രജിസ്‌ട്രിയുടെ കസ്‌റ്റഡിയിലേക്ക് മാറ്റി. പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും രേഖകളടങ്ങിയ പെട്ടികൾ പെരിന്തൽമണ്ണ സബ്‌ ട്രഷറിയിലെ സ്‌ട്രോങ്‌ റൂമിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ വരണാധികാരി പെരിന്തൽമണ്ണ സഹകരണ അസി. രജിസ്‌ട്രാറായിരുന്നു. അതിനാൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് സാമഗ്രികളടങ്ങിയ പെട്ടികൾ കഴിഞ്ഞവർഷം ഫെബ്രുവരി 10ന്‌ മലപ്പുറം ജെആർ ഓഫീസിലേക്ക്‌ മാറ്റി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരു പെട്ടി ഇതിനൊപ്പം ഉൾപ്പെട്ടുപോയതാണെന്നാണ്‌ പ്രാഥമിക നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പ് കേസ്‌ ചൊവ്വാഴ്‌ച പരിഗണിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് സാമഗ്രികൾ ഹൈക്കോടതിയിലേക്ക്‌ കൊണ്ടുപോകാൻ എടുക്കുന്നതിനിടെയാണ്‌ പെട്ടി നഷ്ടപ്പെട്ടത്‌ ശ്രദ്ധയിൽപ്പെട്ടത്‌. വിഷയത്തിൽ ട്രഷറി വകുപ്പ് മധ്യമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ടി സി സുരേഷ് പെരിന്തല്‍മണ്ണ സബ്ട്രഷറിയിലെത്തി അന്വേഷണം നടത്തി. പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ 38 വോട്ടിനാണ്‌ യുഡിഎഫിലെ നജീബ്‌ കാന്തപുരം വിജയിച്ചത്‌. 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചതിനെതിരെ എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന കെ പി എം മുസ്‌തഫയാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഗുരുതരമെന്ന്‌ ഹൈക്കോടതി പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽവോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതായ സംഭവം അതീവഗുരുതരമെന്ന്‌ ഹൈക്കോടതി.  പെരിന്തൽമണ്ണയിൽനിന്ന് മുസ്ലിംലീഗിലെ നജീബ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യംചെയ്ത് എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി കെ പി എം മുസ്തഫ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. ബാലറ്റുകൾ തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്ക് തിരികെ നൽകാനാകില്ലെന്നും ഹൈക്കോടതിയിൽ സൂക്ഷിക്കുമെന്നും  ജസ്‌റ്റിസ്‌ എ ബദറുദ്ദീൻ വ്യക്തമാക്കി.   കേസിൽ തെരഞ്ഞെടുപ്പ്‌  കമീഷനെയും പെരുന്തൽമണ്ണ സബ്‌ കലക്ടറെയും  കോടതി കക്ഷിചേർത്തു. തപാൽവോട്ടുകൾ സൂക്ഷിച്ച പെട്ടികൾ കാണാതായതിൽ പെരിന്തൽമണ്ണ സബ്‌ കലക്ടർ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിച്ചു.  ഈ റിപ്പോർട്ടിന്റെ  പകർപ്പ്‌  കക്ഷികൾക്ക്‌ നൽകാനും  നിർദേശിച്ചു.      സബ് കലക്ടറുടെ റിപ്പോർട്ടിന് മറുപടി നൽകാൻ ഹർജിക്കാരടക്കമുള്ളവർ സമയം തേടിയതിനെ തുടർന്ന് ഹർജി 31ന് പരിഗണിക്കാൻ മാറ്റി. ഹർജി തള്ളണമെന്ന്‌ ആവശ്യപ്പെട്ട് നജീബ് കാന്തപുരം നൽകിയ തടസ്സഹർജി നേരത്തേ കോടതി തള്ളിയിരുന്നു. Read on deshabhimani.com

Related News