പുതിയ പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക: പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29 ജന്തര്‍മന്ദറില്‍ ധര്‍ണ്ണ



കോഴിക്കോട്> ഫാമിലി പെന്‍ഷന്‍ 30% ആയി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, പുതിയ പെന്‍ഷന്‍ പദ്ധതി (എന്‍.പി.എസ്) ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ (എ.ഐ.ഐ.പി.എ) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29ന് ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും.റിസര്‍വ്വ് ബാങ്ക്, പൊതുമേഖലാ ബാങ്കുകള്‍, പൊതുമേഖലാ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍ തുടങ്ങി എല്ലാ പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലും 01.01.1986 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 1995ലാണ് ജീവനക്കാര്‍ക്കായി പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നത്.  കേന്ദ്ര സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്കായി നിശ്ചയിക്കപ്പെട്ട പെന്‍ഷന്‍ നിയമത്തിന് അനുസൃതമായാണ് പ്രസ്തുത പെന്‍ഷന്‍ നിയമങ്ങളും രൂപകല്‍പ്പന ചെയ്തതെങ്കിലും വേതന പരിഷ്‌ക്കരണത്തെ തുടര്‍ന്ന് കേന്ദ്ര ജീവനക്കാര്‍ക്ക് ലഭ്യമാക്കിയ പെന്‍ഷന്‍ പരിഷ്‌ക്കരണം നാളിതുവരെ എല്‍.ഐ.സി യിലും പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലും നടപ്പാക്കിയിട്ടില്ല. ജീവനക്കാരന് അവസാനമായി ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 15% നിരക്കിലാണ് കുടുംബ പെന്‍ഷന്‍ നിശ്ചയിക്കപ്പെട്ടത്. യാതൊരു വര്‍ധനയും വരുത്താത്തതിനാല്‍ കേവലം തുഛമായ തുകയാണ് കുടുംബ പെന്‍ഷനര്‍മാര്‍ക്ക് ലഭിക്കുന്നത്. വളരെ വര്‍ഷത്തെ നിരന്തരമായ സമര്‍ദ്ദങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായി കുടുംബ പെന്‍ഷന്‍ 30% ആയി വര്‍ധിപ്പിക്കാന്‍ എല്‍.ഐ.സി ഡയറക്ടര്‍ ബോര്‍ഡ് 2019 സെപ്റ്റംബര്‍ മാസത്തില്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കുകയുണ്ടായി. തുടര്‍ന്ന്, പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും അതെ വിധത്തിലുള്ള ശുപാര്‍ശ സര്‍ക്കാരിന് നല്‍കി.  എന്നാല്‍, മൂന്നര വര്‍ഷത്തിലേറെയായിട്ടും മേല്‍പറഞ്ഞ ശുപാര്‍ശ അംഗീകരിച്ച് ഇന്‍ഷുറന്‍സ് കുടുംബ പെന്‍ഷനര്‍മാര്‍ക്ക് ആശ്വാസം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. ഇതിനിടെ, സമാനമായ തീരുമാനം പൊതുമേഖലാ ബാങ്കുകളില്‍ നടപ്പാക്കുകയും ചെയ്തു.എല്‍.ഐ.സി യിലെയും പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലെയും പെന്‍ഷന്‍കാരോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചാണ് ഓള്‍ ഇന്ത്യ ഇന്‍ഷുറന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ (എ.ഐ.ഐ.പി.എ) ആഭിമുഖ്യത്തില്‍ മാര്‍ച്ച് 29ന് ന്യൂഡല്‍ഹി ജന്തര്‍മന്ദറില്‍ പ്രതിഷേധ ധര്‍ണ്ണ നടക്കുന്നത്.ട്രേഡ് യൂണിയന്‍ നേതാക്കള്‍, പാര്‍ലമെന്റ് അംഗങ്ങള്‍  എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്യും ധര്‍ണ്ണക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെമ്പാടുമുള്ള എല്‍.ഐ.സി ഡിവിഷണല്‍ ഓഫീസുകള്‍ക്ക് മുന്‍പിലും പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ റീജിയണല്‍ ഓഫീസുകള്‍ക്ക് മുന്‍പിലും അന്നേ ദിവസം ഐക്യദാര്‍ഢ്യ പ്രകടനവും നടക്കും   Read on deshabhimani.com

Related News