മുൻകൂർ ജാമ്യമില്ല : പി സി ജാേർജ്‌ മുങ്ങി



കൊച്ചി വിദ്വേഷപ്രസംഗം നടത്തിയ കേസിൽ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയതോടെ പി സി ജോർജ് അറസ്‌റ്റ്‌ ഭയന്ന്‌ മുങ്ങി. സാമുദായിക ഐക്യം തകർക്കുന്നതും മതസ്പർധ വളർത്തുന്നതുമായ പ്രകോപനപരമായ പരാമർശങ്ങൾ വെണ്ണലയിലെ പ്രസംഗത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്‌ എറണാകുളം ജില്ലാ സെഷൻസ് കോടതി ജാമ്യഹർജി തള്ളിയത്‌.  തുടർന്ന്‌ ശനി  പകൽ മൂന്നോടെ  പൊലീസ്‌  ഈരാറ്റുപേട്ടയിലെ  വീട്ടിലെത്തുമ്പോഴേക്കും ജോർജ്‌ മുങ്ങി.  പകൽ ഒന്നിന്‌ സ്വന്തം വാഹനമുപേക്ഷിച്ച്‌ കടന്നതിന്റെ  സിസിടിവി ദൃശ്യങ്ങൾ ഇവിടെനിന്ന്‌ ലഭിച്ചു. സമീപത്തുള്ള സഹോദരൻ ചാർളിയുടെ വീട്ടിലും പൊലീസ് പരിശോധിച്ചു. ജോർജിന്റെ ഫോൺ സ്വിച്ച്‌ ഓഫാണ്‌. | ജോർജിന്റെ പരാമർശങ്ങൾ മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന്‌ കോടതി വ്യക്തമാക്കി.  കുറ്റം നിലനിൽക്കില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിക്കാനാകില്ല. തിരുവനന്തപുരത്ത് സമാനസംഭവത്തിൽ കേസെടുത്തിട്ടുണ്ട്‌.  മതവികാരം മുറിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തരുതെന്ന വ്യവസ്ഥയിലാണ് തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി 10 ദിവസത്തിനകം ഈ നിർദേശവും ലംഘിച്ചു. ഇതെല്ലാം മുൻകൂർ ജാമ്യത്തിന് തടസ്സമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ പ്രസംഗത്തിനാണ്‌ ജോർജിനെതിരെ ഐപിസി 153എ, 295 എ വകുപ്പുപ്രകാരം പാലാരിവട്ടം പൊലീസ്‌ കേസെടുത്തത്‌.  പ്രസംഗത്തിന്റെ വീഡിയോയും ചിത്രങ്ങളും കോടതിക്ക്‌ കൈമാറി.  അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിനായിരുന്നു ആദ്യ കേസ്‌. Read on deshabhimani.com

Related News