നന്ദി, കണ്ണീര് കണ്ട സര്‍ക്കാരിന്; പുനർഗേഹം പദ്ധതിയില്‍ പാത്തുവിന്‌ വീടായി

സ്രാങ്കിന്റെ പാത്തുവിന്


പൊന്നാനി > ഇന്നലെയും പാത്തു കരഞ്ഞു, പക്ഷെ ആ കണ്ണീരിന് ഉപ്പിന്റെ നനവല്ലായിരുന്നു. സന്തോഷത്തിന്റെ തിളക്കമായിരുന്നു. മനോരോഗിയായ മകളെയുംകൂട്ടി  സ്വസ്ഥമായി കിടന്നുറങ്ങാന്‍ വീട് കിട്ടിയതിന്റെ സന്തോഷം. പൊന്നാനിയിൽ പുനർഗേഹം പദ്ധതിയില്‍ നിർമിച്ച ഭവന സമുച്ചയത്തിന്റെ ആദ്യ താക്കോൽ പി നന്ദകുമാര്‍ എംഎൽഎയില്‍ നിന്ന് വാങ്ങുമ്പോള്‍ സ്രാങ്കിന്റെ പാത്തുവി (70)ന് കണ്ണീരടക്കാനായില്ല. 'ഞങ്ങളുടെ കണ്ണീര് കണ്ട സർക്കാരിന് ഒരുപാട് നന്ദിയുണ്ട്. ഇതിലും വലിയ സന്തോഷം ഇനി ജീവിതത്തിൽ വരാനില്ല. വർഷങ്ങളായുള്ള ആഗ്രഹം പൂവണിഞ്ഞു'. നിറകണ്ണുകളോടെ പാത്തു പറഞ്ഞു. 20 വർഷംമുമ്പ് മത്സ്യതൊഴിലാളിയായിരുന്ന ഭർത്താവ് മരണപ്പെട്ടതോടെ പാത്തുവിന്റെ ജീവിതംവഴിമുട്ടി. എന്നാല്‍ തളരാതെ, മനോരോഗിയായ മകളെയും ചേർത്തുപിടിച്ച് ജീവിച്ചു. എട്ട് വർഷംമുമ്പാണ് കടൽക്ഷോഭത്തിൽ പൊലീസ് സ്റ്റേഷന് പിറകുവശത്തെ വീടും സ്ഥലവും കടലെടുത്തത്. സമീപവാസികളുടെ സഹായത്താലും വാടക വീട്ടിലുമായി പിന്നീ‌ട് ജീവിതം.   പുനർഗേഹം പദ്ധതിയുടെ വീട് ലഭിക്കുമെന്നറിഞ്ഞതോടെയാണ് ആശ്വാസമായത്.  പാത്തുവിന്റെ വീടിന്റെ പാലുകാച്ചലിന് മന്ത്രി സജി ചെറിയാനും പി നന്ദകുമാര്‍ എംഎൽഎയും മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനും എത്തിയത് കു‌ടുംബത്തിന്റെ സന്തോഷം ഇരട്ടിയാക്കി. Read on deshabhimani.com

Related News