പത്തനംതിട്ടയിൽ 15 റോഡുകൾക്ക്‌ 
പുത്തൻ ലുക്ക്‌; 404 കോടിയുടെ നിർമാണം പുരോഗമിക്കുന്നു

നിർമാണം പുരോഗമിക്കുന്ന പത്തനംതിട്ട -– കടമ്മിനിട്ട റോഡ്


പത്തനംതിട്ട > ജില്ലയിൽ പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുൾപ്പെടെ 15 റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. 404 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ്‌ അടുത്ത ആറുമാസത്തിനുള്ളിൽ പൂർത്തീകരണം ലക്ഷ്യമിട്ട്‌ ദ്രുതഗതിയിൽ നടക്കുന്നത്‌. ആറന്മുള മണ്ഡലത്തിൽ 102 കോടിയുടെയും തിരുവല്ല മണ്ഡലത്തിൽ 101 കോടിയുടെയും നിർമാണം നടക്കുന്നു. കൂടാതെ 221 കോടി രൂപ മുടക്കി പുനലൂർ–- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ കോന്നി മുതൽ പത്തനാപുരം വരെയുള്ള ഭാഗത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്‌. ആറന്മുള മണ്ഡലത്തിൽ 28 കിലോമീറ്ററിൽ ആറ്‌ റോഡുകളും തിരുവല്ല മണ്ഡലത്തിൽ 23 കിലോമീറ്ററിൽ എട്ട്‌ റോഡുകളുമാണ്‌ റീബിൽഡ്‌ കേരളയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്നത്‌. കലുങ്കുകൾ പുതുക്കി പണിത്‌ റോഡിന്‌ വീതി കൂട്ടി ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ നവീകരിക്കും. പത്തനംതിട്ട - കടമ്മനിട്ട റോഡ്‌ ആറന്മുള മണ്ഡലത്തിലെ നവീകരിക്കുന്ന റോഡുകളിൽ ഉൾപ്പെടുന്നു. തകർന്ന്‌ കാൽനടയാത്രക്കാർക്ക്‌ പോലും സഞ്ചരിക്കാനാവാത്ത തരത്തിലായ ഈ റോഡ്‌ ആധുനിക നിലവാരത്തിലാകും. മഴ മാറിയതോടെ നിർമാണം പൂർണമായും പുനരാരംഭിച്ചു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കോന്നി-പത്തനാപുരം റീച്ചിലും പണി പുരോഗമിക്കുകയാണ്‌.   പത്തനാപുരം കല്ലുംകടവ്‌ പാലം നിർമാണവും നടത്തി റോഡ്‌ പണി എത്രയും വേഗം പൂർത്തിയാക്കാൻ അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മുമ്പ്‌ സ്ഥലം സന്ദർശിച്ചിരുന്നു. കൊല്ലത്ത്‌ ചേർന്ന പൊതുമരാമത്ത്‌ മന്ത്രിയുടെ യോഗത്തിൽ മെയ്‌ 15നുള്ളിൽ പുനലൂർ വരെ പൂർത്തിയാക്കണമെന്ന നിർദേശവുമുണ്ടായി.   ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട്‌ കെഎസ്‌ടിപി നിർമിക്കുന്ന റോഡുകളിൽ സ്ഥാപിക്കേണ്ട കൂടുതൽ സുരക്ഷാസംവിധാനങ്ങൾ ജില്ലാ പൊലീസ്‌ മേധാവി നിർദേശിച്ചിരുന്നു. ഇവയും സീസൺ തുടങ്ങുംമുമ്പ്‌ പൂർത്തിയായി. മണ്ണാറക്കുളഞ്ഞിയിൽ ബ്ലിങ്കർ സ്ഥാപിക്കണമെന്ന്‌ കലക്ടറുടെ നിർദേശവും ഉടൻ തന്നെ നടപ്പാക്കും. Read on deshabhimani.com

Related News