പത്തനംതിട്ട നഗരത്തിൽ ഇനി എൽഇഡി കാഴ്‌ചകളും

പത്തനംതിട്ട നഗരത്തിൽനിന്നുള്ള ചുട്ടിപ്പാറയുടെ ദൃശ്യം


പത്തനംതിട്ട > നഗരത്തിൽ എൽഇഡി ശോഭ പരത്താനൊരുങ്ങി ചുട്ടിപ്പാറ. പത്തനംതിട്ടയുടെ മുഖഛായ മാറ്റുന്ന വികസനം നടപ്പിലാക്കാൻ പുതിയ ബജറ്റിൽ തുക അനുവദിച്ചു കഴിഞ്ഞു. ചുട്ടിപ്പാറയുടെ മോടി കൂട്ടാൻ ഒരു കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്‌. ചുട്ടിപ്പാറയെ കൺകുളിരെ കാണാൻ എൽഇഡി ഡിസ്‌പ്ലേകളും ലൈറ്റുകളും സ്ഥാപിക്കാനാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌.   പദ്ധതി നടപ്പാകുന്നതോടെ നഗരവും ചുട്ടിപ്പാറയും തിളങ്ങും. ആരോഗ്യ മന്ത്രിയും സ്ഥലം എംഎൽഎയുമായ വീണാ ജോർജിന്റെ വികസന മുന്നേറ്റത്തിൽ ഒരു പൊൻതൂവൽ കൂടിയാകും പദ്ധതി. ജില്ലയിലെ ആഭ്യന്തര ടൂറിസം ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലുള്ളതാണ് എൽഇഡി ഡിസ്‌പ്ലേ. ചുട്ടിപ്പാറയിൽ സൗന്ദര്യവൽക്കരണം നടത്തി നഗരത്തിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലാണ്‌ രൂപരേഖ. ലൈറ്റുകളും ബോർഡുകളും പ്രവർത്തിച്ച്‌ തുടങ്ങുന്നതോടെ പത്തനംതിട്ടയുടെ രാത്രി ജീവിതവും സജീവമാക്കും. സഞ്ചാരികൾ കൂടുതലായി എത്തുന്നത്‌ വ്യാപാര സ്ഥാപനങ്ങള്‍ക്കും ഗുണകരമാകും. മണ്ഡലത്തിന്റെ ആകെ വികസനത്തിന്‌ ആക്കം കൂട്ടുന്നതാണ്‌ പദ്ധതി. നഗരത്തിന്റെ ഭംഗിയാസ്വദിക്കാൻ ചുട്ടിപ്പറയിൽ എത്തുന്നവർ നിരവധിയാണ്‌. വെയിൽ താഴുന്നതോടെ ഇവിടെ തിരക്കാകും. ശുദ്ധവായുവും കാറ്റും നയനമനോഹര കാഴ്ചകളുമായി സമയം ചിലവിടാം. കുത്തനെയുള്ള നടപ്പാതയിലുടെ വേണം പാറയുടെ മുകളിലെത്താൻ.   ചേലവിരിച്ചപാറ, കാറ്റാടിപാറ, പുലിപാറ എന്നിവയടങ്ങുന്ന പാറ ഐതിഹ്യപ്പെരുമയുള്ളതാണ്. സീത ചേലവിരിച്ച് ഉണങ്ങാനിട്ട പാറക്ക് ചേലവിരി പാറയെന്ന് പേര് കിട്ടിയത്രേ. അച്ചൻകോവിലാറിനെ കിലോമീറ്ററുകളോളം ഇവിടെ നിന്ന് നോക്കിയാൽ കാണാം. വലഞ്ചുഴി ക്ഷേത്രം, മാക്കാംകുന്ന് പള്ളി, പത്തനംതിട്ട ജുമാമസ്ജിദ് എന്നിവയടങ്ങുന്ന പത്തനംതിട്ട നഗരത്തെ ഇവിടെ നിന്ന്‌ ആസ്വദിക്കാം.  ടൂറിസം രംഗത്ത് ഏറെ സാധ്യതയുള്ള ചുട്ടിപ്പാറയിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. പാറകളിൽ നിന്ന് മറ്റുപാറ കളിലേക്കു സഞ്ചരിക്കുവാൻ റോപ്പ് വേ സംവിധാനം വന്നാൽ വിനോദ സഞ്ചരികളെ കൂടുതൽ ആകർഷിക്കാൻ കഴിയും.   ചുട്ടിപ്പാറ സൗന്ദര്യവത്‌കരണവുമായി ബന്ധപ്പെട്ട്  പാറയിലേക്കുള്ള വഴികളിൽ വൈദ്യുതി വൽക്കരണം നടപ്പാക്കുവാൻ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ടൂറിസം സാധ്യത വികസനവുമായി ബന്ധപ്പെട്ട് പദ്ധതി മുനിസിപ്പാലിറ്റിയുടെ ആലോചനയിലുണ്ട്‌. ഇതിനെക്കുറിച്ച്‌ വിലയിരുത്താൻ വിദഗ്‌ധ സംഘം അടുത്തയാഴ്ച എത്തുമെന്നും  മുനിസിപ്പൽ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. Read on deshabhimani.com

Related News