ഡിസിസി പ്രസിഡന്റിന്റെ ഓഫീസ് ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ച്‌ മുൻപ്രസിഡന്റ്



പത്തനംതിട്ട> പത്തനംതിട്ട ഡിസിസി പ്രസിഡന്റിന്റെ ഓഫീസ് മുറി മുൻ പ്രസിഡന്റ് ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട്‌ ഡിസിസി നേതൃത്വം. കോൺ​ഗ്രസ് പുനഃസംഘടനയുടെ ഭാഗമായ തർക്കമാണ്‌ സംഭവങ്ങളിലേക്കെത്തിച്ചത്‌. കഴിഞ്ഞദിവസം പുനഃസംഘടന ആലോചനാ യോഗത്തിൽനിന്ന്‌ വാക്കുതർക്കത്തെ തുടർന്ന് നാല് ഡിസിസി മുൻ ഭാരവാഹികൾ ഇറങ്ങിപ്പോയി. അതിന്റെ ബാക്കിപത്രമെന്നോണമാണ് എതിർവിഭാഗമായ ഡിസിസി നേതൃത്വം സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ്‌ വാതിലിൽ  ചവിട്ടുന്നതാണ്‌ ദൃശ്യത്തിലുള്ളത്. ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ബോധപൂർവം അവഹേളിക്കാനും സംഘടനാ സംവിധാനത്തിൽനിന്ന്‌ മാറ്റിനിർത്താനുമാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും ഇത് സംഘടനാ വിരുദ്ധമാണെന്നും എതിർവിഭാ​ഗം ആരോപിച്ചു. ഇതിനുപിന്നിൽ കേന്ദ്ര ഭാരവാഹിത്വമുള്ള വ്യക്തിയെന്നാണ് ആക്ഷേപം. ആരുടെയും അപ്രമാദിത്വം അം​ഗീകരിക്കാൻ ഒരുക്കമല്ലെന്ന നിലപാടിലാണ് ഇവർ. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധുവുമാണ് മുൻ ഡിസിസി പ്രസിഡന്റുമാരെ കൂടാതെ യോ​ഗത്തിൽ പങ്കെടുത്തത്. ഒരുവിഭാ​ഗം കോൺ​ഗ്രസ് പ്രവർത്തകരെ സംഘടനാ സംവിധാനത്തിൽനിന്ന്‌ ജില്ലാ നേതൃത്വം അകറ്റിനിർത്തുന്നതായാണ് മുൻ ഭാരവാഹികളുടെ പരാതി. ഈ പ്രശ്നം പരിഹരിച്ചിട്ട് മതി പുനഃസംഘടനാ ചർച്ചയെന്ന ഡിസിസി മുൻ ഭാരവാഹികളുടെ നിലപാടാണ് സംഭവങ്ങളിലേക്കെത്തിച്ചത്‌. സംഭവത്തെക്കുറിച്ച് ഇരുവിഭാ​ഗവും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. Read on deshabhimani.com

Related News