പാനൂർ കൊലപാതകം : സമാധാനം 
ഉറപ്പുവരുത്താൻ നടപടി ; അന്വേഷണത്തിന്‌ പ്രത്യേക സംഘം



കണ്ണൂർ ജില്ലയിൽ സമാധാനപൂർണമായ ജനജീവിതം ഉറപ്പുവരുത്താൻ ശക്തമായ നടപടിയുമായി സർവകക്ഷി യോഗം. സമാധാനത്തിനായി എല്ലാവരും സഹകരിക്കണമെന്ന്‌ യോഗം ആഹ്വാനംചെയ്‌തു. പാനൂർ പുല്ലൂക്കരയിൽ മുസ്ലിംലീഗ്‌ പ്രവർത്തകൻ മൻസൂറിന്റെ  കൊലപാതകത്തെയും തുടർന്നുണ്ടായ വ്യാപക അക്രമങ്ങളെയും യോഗം അപലപിച്ചു. കൊലപാതകക്കേസ്‌ അന്വേഷണത്തിന്‌ കണ്ണൂർ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി കെ ഇസ്‌മായിലിന്റെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെ നിയോഗിച്ചു. ഒരാളെ പൊലീസ്‌ അറസ്റ്റു‌ചെയ്‌തു. 11 പേർക്കെതിരെയാണ്‌ കേസ്‌. പൊലീസ്‌ നിഷ്‌ക്രിയമാണെന്നാരോപിച്ച്‌  സമാധാനയോഗം യുഡിഎഫ്‌ ബഹിഷ്‌കരിച്ചു. ബോധപൂർവമായ കാലതാമസം ഉണ്ടായിട്ടില്ലെന്നും വ്യാപക അക്രമങ്ങളുണ്ടാകുമ്പോൾ കേസന്വേഷണത്തിൽ കേന്ദ്രീകരിക്കാൻ കഴിയാതെവരുമെന്നും സിറ്റി പൊലീസ്‌ കമീഷണർ ആർ ഇളങ്കോ വ്യക്തമാക്കി. കൊലപാതകക്കേസിലെയും തുടർ സംഭവങ്ങളിലെയും പ്രതികളെ പിടികൂടാൻ ശക്തമായ  നടപടിയുണ്ടാകുമെന്ന്‌ കലക്ടർ ടി വി സുഭാഷ്‌ അറിയിച്ചു. യുഡിഎഫ്‌ നേതാക്കൾ ബഹിഷ്‌കരിച്ചെങ്കിലും ബിജെപി, ആർഎസ്‌എസ്‌, വെൽഫെയർ പാർടി, എസ്‌ഡിപിഐ ഉൾപ്പെടെ മറ്റു കക്ഷികളുടെ പ്രതിനിധികളെല്ലാം പങ്കെടുത്തു. വിലാപയാത്രയുടെ മറവിൽ ബുധനാഴ്‌ച രാത്രി അതിഭീകര അക്രമമാണ്‌ പുല്ലൂക്കര, പെരിങ്ങത്തൂർ മേഖലകളിൽ അരങ്ങേറിയത്‌. സിപിഐ എം പെരിങ്ങളം, പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾ തകർത്ത്‌ തീയിട്ടു. ഓഫീസിനുള്ളിലെ ഫർണിച്ചറും ഫയലുകളും കത്തിച്ചു. ആറ്‌‌ ബ്രാഞ്ച്‌ ഓഫീസ് തകർത്തു.   Read on deshabhimani.com

Related News