പന്നിയങ്കര ടോൾ; ബസുടമകളുടെ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും



വടക്കഞ്ചേരി > വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത പന്നിയങ്കരയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ബസുടമകൾ നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്‌ച പരിഗണിക്കും. സ്വകാര്യ ബസുകളിൽനിന്ന്‌ അമിത ടോൾ പിരിക്കുന്നതിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച കേസ് പരിഗണിച്ച കോടതി വ്യാഴാഴ്‌ചയിലേക്ക് മാറ്റുകയായിരുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കുന്നതിനുമുമ്പ് ടോൾ പിരിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കൂടുതൽ വിശദീകരണം കോടതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വിശദീകരണം വ്യാഴാഴ്‌ച നൽകുമെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു. ദേശീയപാതയുടെ നിർമാണം കരാറിൽ പറഞ്ഞതുപ്രകാരം 90 ശതമാനം പൂർത്തീകരിച്ചെന്നാണ് കരാർ കമ്പനിയുടെ വാദം. ഇത് ദേശീയപാതാ അതോറിറ്റി സാക്ഷ്യപ്പെടുത്തിയാണ് ടോൾ പിരിക്കാനുള്ള അനുമതി നൽകിയതെന്നും കോടതിയെ അറിയിക്കും. നിലവിൽ ടോൾ നൽകിയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. Read on deshabhimani.com

Related News