വായ്പ തട്ടിപ്പ്: കെ സുധാകരന്റെ മുന്‍ ഡ്രൈവറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ പി കുമാരനെതിരെ കേസ്



നാദാപുരം> ബാങ്കില്‍ വ്യാജ രേഖ സമര്‍പ്പിച്ച് വായ്പ തട്ടിപ്പ് നടത്തിയ കേസില്‍ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ മുന്‍ ഡ്രൈവറുമായ കെ പി കുമാരനെതിരെ വളയം പൊലീസ് കേസെടുത്തു. വഞ്ചനാക്കുറ്റം ഉള്‍പെടെയുള്ള വകുപ്പ് പ്രകാരമാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. കുടുംബശ്രീയില്‍ അംഗമല്ലാത്ത കൊല്ലറത്ത് റംലയെന്ന വീട്ടമ്മയുടെ വ്യാജരേഖ ഉയോഗിച്ചാണ് കുടുംബശ്രീ അംഗങ്ങളുടെ ജോയന്റ് ലയബലിറ്റി ഗ്രൂപ്പ് (ജെഎല്‍ജി ) ലോണായി പാറക്കടവ് കനറാ ബാങ്കില്‍നിന്ന് നാലുലക്ഷം രൂപ വായ്പ എടുത്തതത്. കനറാ ബാങ്കില്‍ നിന്നും പലിശ ഉള്‍പെടെ 7 ലക്ഷം രൂപ തിരിച്ചടക്കണമെന്നാശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് റംല വളയം പോലീസില്‍ പരാതി നല്‍കിയത്.   വളയം എസ്‌ഐ അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ലഭിച്ച മൊഴിയും വ്യാജ ഒപ്പുമാണ് കേസില്‍ നിര്‍ണ്ണായക തെളിവായത്. കുമാരന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഡിസംബറില്‍ അവസാന വാരത്തില്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് പങ്കെടുത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തില്‍ യോഗം നിര്‍ത്തിവെച്ച് ഇറങ്ങിപ്പോയിരുന്നു.ഇത് യുഡിഎഫ് നേതൃത്വത്തിലുള്ള പഞ്ചായത്തില്‍ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കെ പി കുമാരനെ പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നും പുറത്താക്കണമെന്നും തട്ടിപ്പ് വീരനെ സംരക്ഷിക്കുന്ന കോണ്‍ഗ്രസ് നിലപാട് അപമാനകരമാണെന്നും രാജിയില്ലെങ്കില്‍ ശക്തമായ സമരത്തിന്  സിപിഐ എംനേതൃത്വം നല്‍കുമെന്നും സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു പറഞ്ഞു   Read on deshabhimani.com

Related News