വെള്ളം കയറിയാൽ ഇനി മുകളിൽ താമസിക്കും; ചീരക്കും കുടുംബത്തിനും സ്വപ്‌നവീടായി

ചീരയും ഗോപാലനും പുതിയ വീടിന്‌ മുന്നിൽ


പനമരം > "വെള്ളം കയറിയാൽ ഇനി മുകളിൽ താമസിക്കും,  എപ്പോഴും വെള്ളം കയറുന്നതിനാൽ വേറെ സ്ഥലത്ത്‌ മാറാൻ സർക്കാർ പറഞ്ഞിരുന്നു. എന്നാൽ കൃഷിയെല്ലാം ഒഴിവാക്കി പോവാനും മനസ്സ്‌ വന്നില്ല. ഇപ്പം ഇവിടത്തന്നെ വെള്ളം കയറാത്ത വീട്‌ നൽകി. മഴക്കാലം വരുമ്പോ ഇനി പേടിക്കേണ്ട '. പനമരം കൊളത്താറ കോളനിയിലെ ചീരയുടെയും ഗോപാലന്റെയും വാക്കുകളിലുണ്ട്‌ പുതിയ വീട്‌ നിർമിച്ച്‌ തന്നതിന്‌ സർക്കാരിനോടുള്ള കടപ്പാട്‌.   മഴക്കാലത്ത്‌ ദുരിതംതന്നെയാണെന്നും 2019ലെ വെള്ളപ്പൊക്കത്തിൽ  ചുമരിന്റെ പകുതിവരെ വെള്ളം കയറിയെന്നും ഇവർ പറഞ്ഞു. ഈ  വർഷം ഒഴിച്ച്‌ എല്ലാ മഴക്കാലത്തും ഇവർക്ക്‌ ക്യാമ്പിലേക്ക്‌ പോവേണ്ടിവരാറുണ്ട്‌. ഇവരെപ്പോലുള്ളവരുടെ ദുരിതം ഇല്ലാതാക്കാനാണ്‌  സർക്കാർ പ്രളയത്തെ അതിജീവിക്കുന്ന വീട്‌ നിർമിച്ച്‌ നൽകിയത്‌.   ഗോപാലനെയും ചീരയെയുംപോലെ ഏഴ്‌ കുടുംബങ്ങൾക്കാണ്‌ കൊളത്താറയിൽ മാത്രം  പ്രളയത്തെ അതിജീവിക്കുന്ന വീട്‌ നിർമിച്ച്‌ നൽകിയത്‌. കൊളത്താറയിൽ നടന്ന ചടങ്ങിൽ വീടുകൾ ഒ ആർ കേളു എംഎൽഎ കുടുംബങ്ങൾക്ക്‌ കൈമാറി. ജില്ലാ നിർമിതി കേന്ദ്രമാണ്‌ വെല്ലുവിളി ഏറ്റെടുത്ത്‌ ആദിവാസി കുടുംബങ്ങൾക്ക്‌ വീടൊരുക്കിയത്‌. രണ്ട്‌ മീറ്ററോളം ഉയരത്തിൽ  തൂൺ വാർത്ത്‌ അതിന്‌ മുകളിലാണ്‌ അതിമനോഹരമായ വീടുകൾ നിർമിച്ചിരിക്കുന്നത്‌.  ഒമ്പത്‌ പില്ലറും  ബീമും സ്ലാബും  വാർത്ത്‌ നല്ല ഉറപ്പിലാണ്‌  നിർമാണം. ഓട്‌ മേഞ്ഞതാണ്‌ മേൽക്കൂര.   രണ്ട്‌ മുറിയും അടുക്കളയും ടോയ്‌ലറ്റും ടൈലിട്ട്‌ മനോഹരമാക്കി. താഴെയുള്ള സ്ഥലവും പാഴാക്കാതെ ഉപയോഗിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്‌. ആറ്‌ ലക്ഷം രൂപയാണ്‌ ചെലവ്‌. ചെലവ്‌ ഇതിൽ ഒതുങ്ങില്ലെങ്കിലും സാമൂഹ്യപ്രതിബബന്ധത കൂടി കണക്കിലെടുത്താണ്‌  ഈ വെല്ലുവിളി ഏറ്റെടുത്ത്‌ നടപ്പാക്കിയതെന്ന്‌ നിർമിതി കേന്ദ്രം  എക്‌സിക്യൂട്ടീവ് സെക്രട്ടറി  ഒ കെ സാജിദ്‌ പറഞ്ഞു. Read on deshabhimani.com

Related News