അപകടത്തിൽപ്പെട്ട മിനിലോറിയിൽ നിന്ന് അരക്കോടിയുടെ പുകയിലയുൽപ്പന്നങ്ങൾ പിടിച്ചു



കൊടുങ്ങല്ലൂർ> നിയന്ത്രണം വിട്ട് മറിഞ്ഞ മിനിലോറിയിൽനിന്ന് അരക്കോടി രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വെള്ളി പുലർച്ചെ രണ്ടിന് മതിലകം സി കെ വളവിൽ ദേശീയ പാതയിലാണ് അപകടം. അപകടം നടന്നയുടനെ വാഹനത്തിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം മതിലകം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് പുകയിലയുൽപ്പന്നങ്ങൾ കണ്ടെത്തിയത്‌.   പഞ്ചസാരച്ചാക്കുകൾക്കും   അരിച്ചാക്കുകൾക്കും ഇടയിൽ പാൻമസാലച്ചാക്കുകൾ ഒളിപ്പിച്ച നിലയിലായിരുന്നു.  നൂറിലധികം ചാക്കുകളിലായി ഹാൻസ്, കൂൾലിപ്, ഗണേഷ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പാൻ മസാലയാണ് കണ്ടെടുത്തത്.   ഏകദേശം അരക്കോടിയിലധികം രൂപ വില കണക്കാക്കുന്നു. പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്ക് കടത്തിയ പാൻ മസാലയാണ് പിടികൂടിയത്. കുന്നംകുളം സ്വദേശിയുടേതാണ് മിനിലോറി. വെളിയങ്കോട് സ്വദേശിക്ക് ഒരു മാസത്തേക്ക് മിനിലോറി  വാടകയ്‌ക്ക് കൊടുത്തതാണെന്ന് വാഹന ഉടമ പറയുന്നു. രക്ഷപ്പെട്ട പ്രതികളെ ക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മതിലകം സർക്കിൾ ഇൻസ്പെക്ടർ ടി കെ ഷൈജു, എസ് ഐ വി വി വിമൽ എന്നിവരാണ് പാൻമസാല പിടിച്ചെടുത്തത്. Read on deshabhimani.com

Related News