പമ്പയുടെ ഒരു കൈത്തോടുകൂടി 
പ്രതാപത്തിലേയ്ക്ക്

പമ്പയുടെ കെെവഴിയായ മണക്കത്തോടിന്റെ ഇരുവശത്തും കയർഭൂവസ്ത്രം സ്ഥാപിച്ച നിലയിൽ


കോഴഞ്ചേരി >  പത്തനംതിട്ട, ആലപ്പുഴ ജില്ലകൾക്ക് അതിരു കുറിക്കുന്ന മണക്കത്തോട്‌  3 കിലോമീറ്റർ ദൂരത്തിൽ പുനർ സൃഷ്ടിച്ച്‌ പമ്പയുടെ ഒരു കൈത്തോടുകൂടി തിരികെപിടിച്ചു. എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയിൽ മൂന്നര കോടി രൂപ ചെലവഴിച്ചാണ്‌  നീരൊഴുക്ക് സുഗമമാക്കിയത്. എം എൽ എ മാരായ വീണാ ജോർജ്, സജി ചെറിയാൻ എന്നിവരുടെ വികസന നയത്തിന്റെ മറ്റൊരു സ്മാരകമാണിത്.   ആറൻമുള പഞ്ചായത്തിലെ കോട്ടയിൽനിന്ന്‌ ആരംഭിച്ച് ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലെ പുത്തൻകാവ് ഐക്കാട്ട് എത്തി പമ്പയിൽ സംഗമിക്കുന്ന നീരൊഴുക്കാണിത്. പണ്ട് കെട്ടുവള്ളങ്ങൾ സദാ സഞ്ചരിച്ചിരുന്നു. ഇരുപതിനായിരം പറ വിസ്തീർണ്ണമുള്ള പാടശേഖര കൃഷി ഈ തോടിനെ ആശ്രയിച്ചാണ് നടക്കുക. കൈയ്യേറ്റം മൂലം വീതിയും, മണ്ണിടിഞ്ഞ് ആഴവും കുറഞ്ഞു. മഹാപ്രളയത്തോടെ ഒഴുകിയെത്തിയ മണ്ണും ചെളിയും നീരൊഴുക്കു തന്നെ ഇല്ലാതാക്കി.   ഇതോടെ ആറാട്ടുപുഴ,നീർവിളാകം, വെട്ടിക്കച്ചിറ ,മേക്കോട്ട, മണക്കൽ, അടിച്ചിൽ, മുണ്ടകൻ, കോട്ട പാടശേഖരങ്ങളിലെ കൃഷി പ്രതിസന്ധിയിലാകും എന്നു മനസ്സിലാക്കിയാണ് എംഎൽഎ മാർ സർക്കാറിനെ കൊണ്ട് നീരൊഴുക്ക് പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിച്ചത്. 20 അടി വീതിയിൽ ഒന്നര മീറ്റർ ആഴത്തിൽ മണ്ണെടുത്ത് മാറ്റിയാണ്  തോടാക്കിയത്. തോടിന്റെ ഇരുവരമ്പുകളും വീതിയിലാണ് തീർത്തത്.കയർ ഭൂവസ്ത്രം കൂടി അണിയിച്ചതോടെ തോടിന്റെ ചാരുത നുകരാൻ നിരവധി പേരാണ് എത്തുന്നത്.   കാർഷിക മേഖലയും, ജല ശ്രോതസ്സും സംരക്ഷിക്കാൻ തയ്യാറായ എംഎൽഎമാരോടും എൽഡിഎഫ് സർക്കാരിനും നീർവിളാകം ലെഫ്റ്റ് ഈസ് റൈറ്റ് സാംസ്കാരിക കൂട്ടായ്മ നന്ദി രേഖപ്പെടുത്തി.തോടിന്റെ വീതിയേറിയ വരമ്പുകളിലൂടെ പ്രഭാത സവാരിക്കാവശ്യമായ പദ്ധതി ആവിഷ്‌‌‌കരിക്കുമെന്ന് വീണാ ജോർജ് എംഎൽഎ അറിയിച്ചതായി ലെഫ്റ്റ് ഈസ് റൈറ്റ് സാംസ്‌‌കാരിക കൂട്ടായ്മ പ്രസിഡന്റ്‌  മുരളീകൃഷ്ണനും സെക്രട്ടറി വിനോജ് കൈലാസും അറിയിച്ചു. Read on deshabhimani.com

Related News