പാലാരിവട്ടം പാലം : എല്ലാം ഇബ്രാഹിംകുഞ്ഞിന്‌ അറിയാമെന്ന്‌ വിജിലൻസ്‌



മൂവാറ്റുപുഴ പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ സകല വിവരവും മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‌ അറിയാമെന്ന്‌ വിജിലൻസ്‌. കരാർ നൽകിയത്‌ സർക്കാർ ഉത്തരവിനും ചട്ടത്തിനും വിരുദ്ധമായിട്ടാണെന്നും മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇബ്രാഹിംകുഞ്ഞിന്റെ റിമാൻഡ്‌ കാലാവധി കോടതി രണ്ടാഴ്‌ചത്തേക്കു നീട്ടി. ഇബ്രാഹിംകുഞ്ഞിന്റെ സമ്മതത്തോടെയാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മുൻ സെക്രട്ടറി ടി ഒ സൂരജ്‌ നിർമാണത്തിന്‌ ഭരണാനുമതി നൽകിയത്‌. കരാർ നൽകിയത്‌ ടെൻഡർ നടപടി പാലിക്കാതെയാണ്‌. ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിന്‌ പരിമിതിയുണ്ട്‌. അതുകൊണ്ട്‌ കൂടുതൽ ചോദ്യം ചെയ്യാൻ അനുവദിക്കണം. അഞ്ചു മണിക്കൂർ ആശുപത്രിയിൽ ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്നു. കർശന വ്യവസ്ഥയായതിനാൽ മതിയായ രീതിയിൽ ചോദ്യം ചെയ്യാൻ സാധിച്ചില്ലെന്ന്‌ വിജിലൻസ്‌ വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യണമെന്ന വിജിലൻസ്‌ ആവശ്യം കോടതി പിന്നീട്‌ പരിഗണിക്കും. നിർമ്മാണ‌ കമ്പനിക്ക്‌ മുൻകൂറായി 8.5 കോടി രൂപ കുറഞ്ഞ പലിശയ്‌ക്ക്‌ നൽകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്‌  ഇബ്രാഹിംകുഞ്ഞിന്‌ കൃത്യമായി മറുപടിയില്ലായിരുന്നു. വിജിലൻസിന്റെ പല ചോദ്യങ്ങളോടും പ്രതികരിച്ചുമില്ല. Read on deshabhimani.com

Related News