പാലാരിവട്ടം മേൽപ്പാലം : വിജിലൻസ‌് അന്വേഷണം തുടങ്ങി



പാലാരിവട്ടം മേൽപ്പാല നിർമാണത്തെക്കുറിച്ച‌് ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ‌് അന്വേഷണം ആരംഭിച്ചു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എറണാകുളം എസ‌്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ തിങ്കളാഴ‌്ച  പാലം സന്ദർശിച്ചു. വൈകിട്ട് 4.15ഓടെ പരിശോധനയ‌്ക്കെത്തിയ സംഘം ഒരു മണിക്കൂറോളമെടുത്ത് പാലത്തിൽ തെളിവെടുപ്പ് നടത്തി. സാങ്കേതിക വിദഗ‌്ധരും അന്വേഷണ സംഘത്തിനൊപ്പമുണ്ടായി. എൻജിനിയർമാരിൽനിന്ന‌ും തൊഴിലാളികളിൽനിന്നും വിവരം ശേഖരിച്ചു. വിജിലൻസ‌് എറണാകുളം സ‌്പെഷ്യൽ യൂണിറ്റ‌് ഡിവൈഎസ‌്പി ആർ അശോക‌്‌കുമാറിന്റെ നേതൃത്വത്തിലാണ‌് അന്വേഷണം. പാലത്തിന്റെ നിർമാണച്ചുമതല വഹിച്ച റോഡ‌്സ‌് ആൻഡ‌് ബ്രിഡ‌്ജസ‌് ഡെവലപ‌്മെന്റ‌് കോർപറേഷൻ, കൺസൾട്ടന്റായിരുന്ന കിറ്റ‌്കോ, കരാറെടുത്ത ആർഡിഎസ‌് കമ്പനി എന്നിവയും അന്വേഷണപരിധിയിൽ വരും. ഇവയുടെ പ്രതിനിധികളെ ചോദ്യംചെയ്യും. നിർമാണ സാമഗ്രികളുടെ ഗുണമേന്മ സംബന്ധിച്ച‌് വിദഗ‌്ധരുടെ അഭിപ്രായം തേടും. ഉയർന്നിട്ടുള്ള ആരോപണങ്ങൾ പരിശോധിച്ച‌് തെളിവ‌് ശേഖരിക്കുമെന്നും ഒരു മാസത്തിനകം റിപ്പോർട്ട‌് സർക്കാരിനു സമർപ്പിക്കുമെന്നും എസ‌്പി കെ കാർത്തിക‌് പറഞ്ഞു. പാലവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത‌്. അഴിമതി നടന്നിട്ടുണ്ടോയെന്ന കാര്യങ്ങൾ തുടർന്നുള്ള അന്വേഷണത്തിൽ പരിശോധിക്കും. പാലത്തിന്റെ രൂപരേഖ, നിർമാണം എന്നിവയിൽ ഉൾപ്പെട്ട ആളുകളിൽനിന്ന‌് വിവരം ശേഖരിക്കും. ക്രിമിനൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന‌് പരിശോധിക്കുമെന്നും അത്തരത്തിൽ കണ്ടെത്തിയാൽ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഡിവൈഎസ‌്‌പി അശോക്‌കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായി. ഞായറാഴ‌്ച ചേർന്ന കിറ്റ‌്കോ ഡയറക്ടർ ബോർഡ‌് യോഗം പാലം നിർമാണം സംബന്ധിച്ച‌് ഉയർന്ന ആരോപണങ്ങൾ ചർച്ചചെയ‌്തു. ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു. ഈ മാസംതന്നെ പണി പൂർത്തിയാക്കുമെന്ന‌് കിറ്റ‌്കോ പ്രതിനിധി പറഞ്ഞു. Read on deshabhimani.com

Related News