അഴിമതിപ്പാലം ഇനിയും കുലുങ്ങുമോ ? ആശങ്കയോടെ യുഡിഎഫിന്റെ മുതിർന്ന നേതാക്കൾ



തിരുവനന്തപുരം പാലാരിവട്ടം അഴിമതിപ്പാലം സംബന്ധിച്ച്‌ ഉയർന്നു വരുന്ന കൂടുതൽ തെളിവുകൾ യുഡിഎഫ്‌ നേതൃത്വത്തെയാകെ ആശങ്കയിലാഴ്‌ത്തി. ലീഗിന്റെ ഏറ്റവും മുതിർന്ന നേതാക്കളിലേക്ക്‌ അഴിമതിപ്പണം എത്തിയിട്ടുണ്ടെന്ന വാർത്തയാണ്‌ പുറത്തുവരുന്നത്‌. ഇബ്രാഹിംകുഞ്ഞ്‌ മാത്രമേ അറസ്‌റ്റിലായിട്ടുള്ളൂവെങ്കിലും അത്‌ തുളച്ചുകയറിയത്‌ യുഡിഎഫ്‌ നേതൃത്വത്തിന്റെയാകെ നെഞ്ചിലേക്കാണെന്ന്‌ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നു‌.   മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ വാക്കുകളിൽ അത്‌ പ്രതിഫലിക്കുന്നുണ്ട്‌. ഇതുവരെയുണ്ടായതിനേക്കാൾ മാരകശേഷിയുള്ളതായിരിക്കുമോ ഇനി വരാനിരിക്കുന്നത്‌ എന്നതാണ്‌ യുഡിഎഫിന്റെ ആശങ്ക. അതിനുതക്ക കാമ്പുള്ള വിഷയങ്ങൾ ഏറെയുണ്ടെന്ന്‌ അവർക്ക്‌ അറിയുകയും ചെയ്യാം.  തെരഞ്ഞെടുപ്പ്‌ പടിവാതിൽക്കലെത്തുമ്പോൾ പ്രതിരോധം ദുർബലമാകുന്നതാണ്‌ പ്രതിപക്ഷത്തെ മുൾമുനയിലാക്കിയത്‌. അഴിമതിക്കെതിരെ ഒരു വോട്ട്‌ എന്ന മുദ്രാവാക്യമാണ്‌ യുഡിഎഫ്‌ തദ്ദേശ തെരഞ്ഞെടുപ്പിന്‌ രൂപം നൽകിയത്‌. എംഎൽഎയും  മുൻമന്ത്രിതന്നെയും അഴിമതിക്കേസിൽ അറസ്‌റ്റിലായതോടെ യുഡിഎഫ്‌ മുദ്രാവാക്യത്തിന്‌ തിരിച്ചടി നേരിട്ടു. വികസന അജൻഡ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ്‌ പോരാട്ടത്തിനാണ്‌ എൽഡിഎഫ്‌ മുൻതൂക്കം നൽകുന്നത്‌. സിഎജിയുടെ കിഫ്‌ബിവിരുദ്ധ നിലപാടുകൂടി പൊളിച്ചുകാണിക്കാനായത്‌ വികസനചർച്ചയെ കൂടുതൽ സജീവമാക്കി. ക്ഷേമ പെൻഷനുകൾ ഇരട്ടിയിലധികം വർധിപ്പിച്ച്‌ അതത്‌ മാസംതന്നെ വീടുകളിൽ എത്തിക്കുന്നതും കോവിഡ്‌കാലംമുതൽക്കുള്ള ഭക്ഷ്യക്കിറ്റും ലൈഫ്‌ വഴി പൂവണിഞ്ഞ രണ്ടരലക്ഷം കുടുംബങ്ങളുടെ ഭവനസ്വപ്‌നവും ഇതിനകം തെരഞ്ഞെടുപ്പ്‌ രംഗത്ത്‌ ചർച്ചയാണ്‌.  കിഫ്‌ബി മുഖേനയുള്ള വികസനലക്ഷ്യങ്ങൾകൂടി കടന്നുവന്നതോടെ പ്രചാരണം കൊഴുത്തു.   Read on deshabhimani.com

Related News