ആരോഗ്യ വണ്ടിയുമായി ജീവതാളം പെയിന്‍ ആന്റ് പാലിയേറ്റീവ്



ആലപ്പുഴ> മാരാരിക്കുളത്ത് ജീവതാളം ഏരിയാ പെയിന്‍ ആന്റ് പാലിയേറ്റീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യവണ്ടി യാത്രയാരംഭിച്ചു. നഴ്‌സുമാരും ആരോഗ്യ വോളന്റിയര്‍മാരുമടങ്ങുന്ന ആരോഗ്യ വണ്ടിയില്‍ സാനിറ്റെസര്‍, ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവയുമുണ്ടാകും. മാരാരിക്കുളത്ത് കൂട്ടമായി ആളുകള്‍ താമസിക്കുന്ന മാനസികാരോഗ്യകേന്ദ്രങ്ങള്‍, വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍ എന്നിവിടങ്ങളിലും  മാര്‍ക്കറ്റുകളിലും കേന്ദ്രീകരിച്ച് കൊറോണ ബോധവത്കരണ നടത്തുകയാണ് ലക്ഷ്യം. ശരീര ഊഷ്മാവ്, ബ്ലഡ് പ്രഷര്‍ എന്നിവയും പരിശോധിക്കും. മണ്ണഞ്ചേരി ഒന്നാം വാര്‍ഡിലെ മരിയന്‍ മാനസിക ആരോഗ്യ കേന്ദ്രത്തിലാണ് ആരോഗ്യവണ്ടി ആദ്യമെത്തിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ജീവതാളം ചെയര്‍മാന്‍ കെ.ഡി.മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം പി.എ.ജുമൈലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. ജീവതാളം പാലിയേറ്റീവ് സംഘടനയുടെ നഴ്‌സുമാരായ കുഞ്ഞുമോളും ശാലിനിയുമാണ് ആരോഗ്യവണ്ടിക്ക് നേതൃത്വം നല്‍കുന്നത്. ഒരു ദിവസം ഒരു പഞ്ചായത്ത് എന്ന നിലയില്‍ ആരോഗ്യവണ്ടി എല്ലാ കേന്ദ്രങ്ങളിലും എത്തിച്ചേരുമെന്ന് ജീവതാളം കണ്‍വീനര്‍ അഡ്വ.ആര്‍.റിയാസ് പറഞ്ഞു.   Read on deshabhimani.com

Related News