യൂത്ത്‌ കോൺഗ്രസിൽ പെയ്‌ഡ്‌ നിയമനം, പാലക്കാട്‌ പരാതിയുമായി 11 ഭാരവാഹികൾ



പാലക്കാട്> യൂത്ത് കോൺ​ഗ്രസിൽ മണ്ഡലം പ്രസിഡന്റുമാരെ പണം വാങ്ങിയാണ്‌ നിയമിക്കുന്നതെന്ന ഗുരുതര ആരോപണവുമായി 11 നേതാക്കൾ. ഇത്‌ ചൂണ്ടിക്കാട്ടി ഇവർ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്‌ പരാതി നൽകി. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, ജില്ലാ പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു എന്നിവർ ഏകാധിപതികളെ പോലെയാണ്‌ പെരുമാറുന്നതെന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺ​ഗ്രസ് ജില്ലാ സമ്മേളനം നടക്കുന്നതിനിടെയാണ് 11 നേതാക്കൾ ഒപ്പിട്ട പരാതി  വേണു​ഗോപാലിന് നൽകിയത്. സംസ്ഥാന സെക്രട്ടറിമാരായ സജേഷ് ചന്ദ്രൻ, എ കെ ഷാനിബ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ രതീഷ് പുതുശേരി, രോഹിത് കൃഷ്ണ,  സെക്രട്ടറിമാരായ കെ സാജൻ, ആകർഷ് കെ നായർ, എൻ ശ്രീപതി, പി വി ഹരി, നിർവാഹക സമിതി അം​ഗങ്ങളായ രാഹുൽ കൃഷ്ണ, കെ വി ഹുസൈൻ, നെന്മാറ ബ്ലോക്ക് പ്രസിഡന്റ് എസ് വിനോദ്  എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിരിക്കുന്നത്. പരാതിയുടെ  പകർപ്പ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും, യൂത്ത് കോൺ​ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി വി ശ്രീനിവാസനും നൽകി. ചിറ്റൂർ നിയോജക മണ്ഡലത്തിലെ രണ്ട് മണ്ഡലം പ്രസിഡന്റുമാരെ  പണം വാങ്ങിയാണ് നിയമിച്ചതെന്നാണ്‌ കത്തിൽ ആരോപണം. ജില്ലാ സമ്മേളന പ്രതിനിധികളായി ഇഷ്ടക്കാരെയാണ് ഉൾപ്പെടുത്തിയതെന്നും ഇവർ പറയുന്നു. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പ്രവർത്തനമാണ് ഫിറോസ് ബാബു നടത്തുന്നതെന്നും ജില്ലാ സമ്മേളനത്തിൽ നടക്കുന്നത് വിഭാ​ഗിയതയാണെന്നും സമ്മേളനം നടത്തുന്നത്  പണപ്പിരിവിനാണെന്നും പരാതിയിൽ പറയുന്നു. ഫിറോസ് ബാബുവിനെ നിയന്ത്രിക്കണമെന്നും പരാതിയിലുണ്ട്‌.   ഞായറാഴ്‌ച ആരംഭിച്ച ജില്ലാസമ്മേളനം  തിങ്കളാഴ്‌ച  സമാപിച്ചു. പ്രതിനിധി സമ്മേളനം കെപിസിസി വർക്കിങ് പ്രസി‍ഡന്റ് ടി സിദ്ദീഖ് എംഎൽഎ  ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News