സെബിയുടെ വഞ്ചന ; പിഎസിഎൽ നിക്ഷേപകർ 
സുപ്രീംകോടതിയിലേക്ക്‌



കണ്ണൂർ പേൾസ്‌ ആഗ്രോടെക്‌ കോർപ്പറേഷൻ ലിമിറ്റഡ്‌ (പിഎസിഎൽ) നിക്ഷേപകർ സുപ്രീംകോടതിയെ സമീപിക്കുന്നു. തങ്ങളുടെ വാദംകൂടി കേൾക്കുന്നതിനാകും ഹർജി. 2016 ഫെബ്രുവരി രണ്ടിന്റെ സുപ്രീംകോടതി വിധി സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ (സെബി) നടപ്പാക്കാത്ത സാഹചര്യത്തിലാണിത്‌. സാമ്പത്തിക നീതിനിഷേധത്തിന്‌ ഇടപെടുന്ന സെബി  നിക്ഷേപകർക്ക്‌ തിരിച്ചുനൽകേണ്ട നിക്ഷേപം തടഞ്ഞുവയ്‌ക്കുകയാണ്‌. സുപ്രീംകോടതി വിധി അട്ടിമറിച്ച്‌  5.5 കോടി നിക്ഷേപകരെയും 54 ലക്ഷം ഫീൽഡ്‌ അസോസിയേറ്റുമാരെയും വഞ്ചിക്കുകയാണ്‌ സെബി. സുപ്രീംകോടതി നിർദ്ദേശിച്ചതുപോലെ ആറുമാസത്തിനകം  സുതാര്യമായ നടപടിയിലൂടെ ജസ്‌റ്റിസ്‌ ലോധ കമ്മിറ്റിയുടെയും സെബിയുടെയും മേൽനോട്ടത്തിലും നിയന്ത്രണത്തിലും തുക നിക്ഷേപകർക്ക്‌ ലഭ്യമാക്കാൻ നടപടിയുണ്ടായില്ല. ആസ്‌തി വിൽപ്പന നടക്കുന്നില്ലെങ്കിൽ അത്‌ പണയപ്പെടുത്തി തുക കൊടുക്കാനും സെബി തയ്യാറായില്ല.  ഇതിനെ തുടർന്ന്‌ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കേണ്ടിവരുന്നത്‌ പിഎസിഎൽ ഫീൽഡ്‌ അസോസിയേറ്റുമാരാണ്‌. ചാലക്കുടി പരിയാരത്തെ ഫീൽഡ്‌ അസോസിയേറ്റ്‌ സ്വത്ത്‌ വിറ്റാണ്‌ നിക്ഷേപകരുടെ തുക തിരിച്ചുനൽകിയത്‌.  നിക്ഷേപകർ വീണ്ടും പ്രശ്‌നമാക്കിയതോടെ അവരും ഭർത്താവും ജീവനൊടുക്കി. ഇവരുടെ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇതിനെതുടർന്നാണ്‌ ഫീൽഡ്‌ അസോസിയേറ്റുമാർ സംഘടിക്കാൻ തുടങ്ങിയത്‌. സംസ്ഥാനതലത്തിൽ പിഎസിഎൽ ഫീൽഡ്‌  അസോസിയേറ്റ്‌സ്‌ അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ച്‌ സെബിക്കെതിരെ പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്‌. സുപ്രീംകോടതി  വിധിവന്ന 2016 ഫെബ്രുവരി രണ്ടിനെ അനുസ്‌മരിച്ച്‌ ഇത്തവണ കരിദിനാമാചരിച്ചു. കസ്‌റ്റമർ കെയർ കേന്ദ്രീകരിച്ച്‌ നിക്ഷേപകരുടെ പട്ടിക പുറത്തുവിടുകയും ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപവും ലാഭവിഹിതവും തിരിച്ചുനൽകണമെന്നുമാണ്‌ സംഘടനയുടെ പ്രധാന ആവശ്യം. പ്രശ്‌നത്തിൽ ഇടപെടമെന്നാവശ്യപ്പെട്ട്‌ രാഷ്‌ട്രപതി, പ്രധാനമന്ത്രി അടക്കമുള്ളവർക്ക്‌ സംഘടന നിവേദനം നൽകിയിരുന്നു. ഇതിൽ ദേശീയ മനുഷ്യാവകാശ കമീഷൻ മാത്രമാണ്‌ ഇടപെട്ടത്‌. 18 ആഴ്‌ചയ്‌ക്കകം നിക്ഷേപം തിരിച്ചുനൽകണമെന്ന്‌ കമീഷൻ ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. ഫീൽഡ്‌ അസോസിയേറ്റുമാരിൽ 90 ശതമാനവും സ്‌ത്രീകളാണ്‌. എന്നാൽ, ദേശീയ വനിതാ കമീഷൻ പ്രശ്‌നം ഏറ്റെടുക്കാൻ തയ്യാറായില്ല.   Read on deshabhimani.com

Related News