ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തും: പി സതീദേവി

വനിതാ കമീഷൻ അധ്യക്ഷയായി ചുമതലയേറ്റ പി സതീദേവിയെ 
മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കൊടിയും 
സി എസ് സുജാതയും ചേർന്ന് ഷാൾ അണിയിക്കുന്നു


തിരുവനന്തപുരം ത്രിതല പഞ്ചായത്തുകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ജാഗ്രതാ സമിതികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്‌ വനിതാ കമീഷൻ അധ്യക്ഷ  പി സതീദേവി. ചുമതലയേറ്റശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. സ്ത്രീധനത്തിനായി സ്ത്രീകളെ പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്യുന്ന പ്രവണത കൂടുകയാണ്. ഈ സാഹചര്യത്തിൽ സ്‌ത്രീധനത്തിനെതിരായ ക്യാമ്പയിൻ വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്‌. പെൺകുട്ടികളെ ‘കെട്ടിച്ചയക്കുന്നു' എന്ന രീതിയിൽ വിവാഹപ്പന്തലിലേക്ക് തള്ളിവിടുകയല്ല, അവൾക്ക് പരമാവധി വിദ്യാഭ്യാസം നൽകി സ്വന്തംകാലിൽ നിൽക്കാൻ സഹായം ഒരുക്കുകയാണ് രക്ഷിതാക്കൾ ചെയ്യേണ്ടത്. കോളേജിൽ ചേരാനും ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാനും സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം നൽകണമെന്ന നിർദേശം ശ്ലാഘനീയമാണ്. സമൂഹത്തിലെ ലിംഗപരമായ അസമത്വം ഇല്ലാതാക്കാൻ പാഠ്യപദ്ധതിയിലുൾപ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും ലിംഗപരമായ അസമത്വം അവസാനിച്ചു എന്ന്‌ പറയാറായിട്ടില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന അവകാശംപോലും സ്ത്രീകൾക്ക് നിഷേധിക്കുന്നുണ്ട്. ജുഡീഷ്യറിയിലുൾപ്പെടെ ലിംഗപരമായ സമത്വത്തിനായി പ്രയത്‌നിക്കേണ്ടതുണ്ട്. അർധ ജുഡീഷ്യൽ സ്വഭാവമുള്ള വനിതാ കമീഷന് സ്‌ത്രീകളുടെ അവകാശ പരിരക്ഷ കൂടുതൽ ഉറപ്പാക്കാനാകുംവിധം കമീഷൻ ആക്ട് ഭേദഗതിക്ക്‌ നിയമവിദഗ്ധരുമായി ചർച്ച ചെയ്യുമെന്നും സതീദേവി പറഞ്ഞു. രാവിലെ പത്തോടെ കമീഷൻ ആസ്ഥാനത്തെത്തിയ പി സതീദേവിയെ മെമ്പർ സെക്രട്ടറി പി ഉഷാറാണിയും ജീവനക്കാരും സ്വീകരിച്ചു. തുടർന്ന്‌ ഓഫീസിലെത്തിയ അധ്യക്ഷയെ കമീഷൻ അംഗങ്ങളായ അഡ്വ. എം എസ് താര, അഡ്വ. ഷിജി ശിവജി, ഷാഹിദ കമാൽ എന്നിവർ സ്വീകരിച്ചു. Read on deshabhimani.com

Related News