373 കോടിയുടെ നിക്ഷേപം; കോവിഡ് കാലത്തും പുതിയ 3247 സംരംഭ പിറവി: പി രാജീവ്‌



തൃശൂർ > പുതിയ സർക്കാർ നിലവിൽ വന്നതിനു ശേഷം കോവിഡ് പ്രതിസന്ധികൾക്കിടയിലും 3247 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് പുതുതായി രജിസ്റ്റർ ചെയ്‌തതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇതുവഴി 373 കോടിയുടെ നിക്ഷേപം വന്നു.  സർക്കാരിന്റെ  നൂറുദിന കർമപരിപാടിയുടെ ഭാഗമായി 10000 തൊഴിലവസരമാണ് ലക്ഷ്യമിട്ടിരുന്നത്.  13209 തൊഴിലവസരവും സംസ്ഥാനത്തുണ്ടായി.  നല്ല അന്തരീക്ഷത്തിന്റെ തെളിവാണിത്‌.  സംരംഭകരുടെയും  തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പരാതികൾ നേരിട്ട് കേൾക്കുന്നതിനായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടി തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരവാദിത്ത വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം അതാണ്  സർക്കാർ ലക്ഷ്യം. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ പോരായ്മകളുണ്ടോയെന്ന് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  ഇവർ മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.  ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വേണമെന്ന് അഭിപ്രായമുള്ളവർക്ക് അക്കാര്യം സമിതി മുമ്പാകെ സമർപ്പിക്കാം. പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തും. പരാതി പരിഹാര നടപടികൾക്കായി അഞ്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്ക് ജില്ല തിരിച്ച് ചുമതല നൽകിയിട്ടുണ്ട്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് സുപ്രധാന നിയമനിർമാണങ്ങൾ കഴിഞ്ഞ സർക്കാർ നടത്തി. അത് വലിയ മാറ്റങ്ങളാണുണ്ടാക്കിയത്‌.  തീരുമാനങ്ങൾ  ഉത്തരവുകളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചായിരിക്കണം. നിസാര കാരണങ്ങൾ പറഞ്ഞ് വ്യവസായ സംരംഭങ്ങൾക്ക് തടസം നിൽക്കുന്നത് അംഗീകരിക്കാനാവില്ല. സേവനങ്ങൾക്ക് പണം വാങ്ങുന്നത് മാത്രമല്ല, ന്യായമായ സേവനങ്ങൾ നൽകാതിരിക്കുന്നതും അഴിമതിയാണെന്നും മന്ത്രി  പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാതിരിക്കുമ്പോഴാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരം അദാലത്തുകൾ സംഘടിപ്പിക്കേണ്ടിവരുന്നത്. ആറ് ജില്ലകളിൽ ഇതിനകം സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടന്നുവരികയാണ്.    തുടർ നടപടിയെന്ന നിലയ്ക്ക് പരാതികളുടെ സ്ഥിതി അറിയുന്നതിന് പോർട്ടൽ ഉൾപ്പെടെയുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു. Read on deshabhimani.com

Related News