VIDEO - ഭൂപരിഷ്‌ക്കരണം മുതലാളിത്ത മുദ്രാവാക്യമോ?; പി രാജീവ്‌ പ്രതികരിക്കുന്നു



കൊച്ചി > കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ പ്രഭാഷണ പരമ്പരയെ സംബന്ധിച്ച്‌ ചർച്ചകൾ ഉയർന്നുവരുന്നത്‌ സ്വാഗതാർഹമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌. "കമ്യൂണിസ്‌റ്റ്‌ മാനിഫെസ്‌റ്റോ, ചരിത്രവും വർത്തമാനവും' ഓൺലൈൻ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസത്തെ പ്രഭാഷണത്തിലെ ഒരു ഭാഗം എടുത്ത്‌ ഭൂപരിഷ്‌കരണം മുതലാളിത്തത്തിന്റെ മുദ്രാവാക്യമാണെന്ന ഒറ്റ വാചകം ചിലർ തെറ്റിദ്ധാരണയോടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ വീഡിയോയിലെ ഒരു ഭാഗത്തെ എടുത്ത്‌ പ്രചരിപ്പിച്ചതുകൊണ്ടുള്ള പിശകാണ്‌ ഇതെന്ന്‌ രാജീവ്‌ വിശദീകരിക്കുന്നു. ഏതെങ്കിലും ഒരു വാക്കിനെ, അത്‌ മാനിഫെസ്‌റ്റോയിൽ നിന്നോ പ്രഭാഷണത്തിൽ നിന്നോ എടുത്ത്‌ പ്രചരിപ്പിക്കുന്നത്‌ ഗൗരവമായ ആശയ സംവാദത്തിന്റെ രീതിയല്ല. കേവലം അന്ധമായിട്ടുള്ള ചില നിരീക്ഷണങ്ങളുടേത്‌ മാത്രമാണെന്ന്‌ രാജീവ്‌ പറഞ്ഞു. മാനിഫെസ്‌റ്റോയിലെ ഒരു വാചകം എടുത്താൽ "ചരിത്രപരമായി നോക്കുമ്പോൾ ബൂർഷ്വാസി ഏറ്റവും വിപ്ലവകരമായ ഒരു പങ്ക്‌ വഹിച്ചിട്ടുണ്ട്‌' എന്നുണ്ട്‌. അതോടുകൂടി മാർക്‌സ്‌ മുതലാളിത്തവാദിയാണ്‌, ദരിദ്രർക്കെതിരാണ്‌ എന്ന വലിയ നിഗമനങ്ങളും വാദങ്ങളും നടത്താവുന്ന വാചകമാണത്‌. ഒറ്റ വാചകം മാത്രമെടുത്ത്‌, അതിന്‌ മുമ്പും അതിന്‌ ശേഷവും പറഞ്ഞ ഒരുകാര്യവും കണക്കിലെടുക്കാതെയുള്ള പ്രതികരണങ്ങളായിരിക്കും അത്‌. വിപ്ലവകരം എന്ന വാക്കുതന്നെ ചരിത്രപരമായി ആപേക്ഷികമാണ്‌. "അടിമത്തത്വത്തെ അപേക്ഷിച്ച്‌ ഫ്യൂഡലിസം വിപ്ലവകരമാണ്‌, അടിമത്തത്വത്തെ അപേക്ഷിച്ച്‌ ഫ്യൂഡലിസം പുരോഗമനപരമാണ്‌' ഈ ഭാഗം മാത്രം അടർത്തിയെടുത്ത്‌ ഫ്യൂഡലിസത്തെ പിന്തുണയ്‌ക്കുന്നു എന്ന്‌ പ്രചരിപ്പിക്കുന്നവരുണ്ട്‌. അത്‌ സാമാന്യയുക്തിക്ക്‌ നിരക്കാത്ത വിമർശനമാണ്‌. ഇത്തരത്തിലുള്ള അന്ധമായ, ബാലിശമായ നിരീക്ഷണങ്ങളാണ്‌ ഭൂപരിഷ്‌ക്കരണത്തെക്കുറിച്ച്‌ പറഞ്ഞതിനെപ്പറ്റിയും ചിലർ പ്രചരിപ്പിക്കുന്നത്‌ - രാജീവ്‌ പറഞ്ഞു. വിഡിയോ കാണാം: Read on deshabhimani.com

Related News