എന്തുമാകാം എന്ന ബിജെപി ഹുങ്കിന് കാരണം കോൺ​ഗ്രസിന്റെ മൃദുസമീപനം: മന്ത്രി പി രാജീവ്



കൊച്ചി> എത്ര മുതിർന്ന നേതാവായാലും തങ്ങൾക്കെതിരെ പ്രതികരിച്ചാൽ എന്തുമാകാം എന്ന ഹുങ്ക് ബിജെപിക്കുണ്ടായത് ഇത്രയും കാലത്തെ ജനദ്രോഹ നയങ്ങൾക്കെതിരെ തലോടിപ്രതിഷേധിച്ച കോൺഗ്രസിന്റെ മൃദുസമീപനം കൊണ്ടുകൂടിയാണെന്ന് മന്ത്രി പി രാജീവ്. ഈ നിലപാടുകളോടുള്ള രാഷ്ട്രീയ വിയോജിപ്പ് നിലനിർത്തിക്കൊണ്ടുതന്നെ രാഹുൽഗാന്ധിക്കെതിരായ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രധാനമന്ത്രിയെ വിമർശിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പേരിൽ പാർലമെന്റ് അംഗം രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്നതിനായുള്ള തിടുക്കപ്പെട്ടുള്ള ശ്രമമാണ് ബിജെപിയും കേന്ദ്രസർക്കാരും നടത്തുന്നത്. അപ്പീൽ പോകാൻ പോലുമുള്ള സമയം നൽകാതെയാണ് കീഴ്ക്കോടതി വിധി വന്ന് 24 മണിക്കൂറിനകം ഇത്തരമൊരു ഉത്തരവ് ലോക്സഭാ സെക്രട്ടേറിയറ്റിന്റേതായി വന്നിരിക്കുന്നത്. ജനാധിപത്യത്തിനോട് കൂറോ പ്രതിപക്ഷത്തിനോട് ബഹുമാനമോ ഇല്ലാതെയുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News